Global block

bissplus@gmail.com

Global Menu

നാനോ വ്യവസായങ്ങൾ; ഗാർഹിക സംരംഭങ്ങൾക്ക് പലിശ സബ്‌സിഡി

അതിസൂഷ്മ വ്യവസായങ്ങളിൽപ്പെടുന്ന നാനോ സംരംഭങ്ങൾക്ക് ധനസഹായം നൽകുന്നതിന് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു.  ആദ്യമായാണ് ഇത്തരം സംരംഭങ്ങളെ സർക്കാർ ആനുകൂല്യത്തിന് പരിഗണിക്കുന്നത്.  വീട്ടിനുള്ളിലോ, വീടിനോട് ചേർന്നോ നടത്തുന്ന നാനോ സംരംഭങ്ങൾക്കാണ് ആനുകൂല്യം.  അവർ കൈപ്പറ്റിയ വായ്പയുടെ പലിശയാണ് സബ്‌സിഡിയായി അനുഭവിക്കുന്നത്.  മൂന്ന് വർഷത്തേക്കാണ് ആനുകൂല്യങ്ങൾ നൽകുക.  ഗാർഹിക മേഖലയിൽ സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക, ഇത്തരം സംരംഭങ്ങളിൽ തുടർച്ചയായ തൊഴിലും വരുമാനവും ഉറപ്പുവരുത്തുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിന്നും യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്ത നാനോ-കുടിൽ വ്യവസായങ്ങളെ പരിഗണിക്കുക, റിസ്‌ക് കുറച്ച് കൂടുതൽ പേരെ സംരംഭമേഖലയിലേയ്ക്ക് കൈ പിടിച്ചുകൊണ്ട് വരിക എന്നിവയാണ് പദ്ധതിയുടെ പ്രഖ്യാപിക ലക്ഷ്യങ്ങൾ.

പദ്ധതി ആനുകൂല്യങ്ങൾ

സ്ഥാപനം ആരംഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ടേം വായ്പ എടുത്ത സംരംഭകർക്ക് വാർഷിക പലിശയിൽ 6% സബ്‌സിഡിയായി തിരികെ നൽകുന്നു. 

വനിതകൾ, പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് ഇത് 8% വരെ ലഭിക്കുന്നു.

മൂന്ന് വർഷം ഇതേ രീതിയിൽ ഗ്രാന്റ് അനുവദിക്കുന്നു.

 

അപേക്ഷയിലെ നടപടികൾ

ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന സൗജന്യ അപേക്ഷാഫോറത്തിൽ വേണം അപേക്ഷിക്കുവാൻ.  പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ആനുകൂല്യം.  അപേക്ഷയോടൊപ്പം ധനകാര്യസ്ഥാപനത്തിന്റെ ശുപാർശ കത്തും, ക്ലയിം തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഭവന സംരംഭങ്ങളേയും പരിഗണിക്കും.  ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ, എൽ.ഡി.എം, കെ.എഫ്.സി, മാനേജർ (ക്രെഡിറ്റ്) എന്നിവർ ഉൾപ്പെട്ട കമ്മറ്റിയാണ് ആനുകൂല്യങ്ങൾ അനുവദിക്കുന്നത്.പി.എം.ഇ.ജി പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് പദ്ധതി നടപ്പാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.  ആക്ഷേപങ്ങൾ ഉള്ള പക്ഷം വ്യവസായ-വാണിജ്യ ഡയറക്ടർക്ക് നിശ്ചിത ഫോറത്തിൽ (30 ദിവസത്തിനുള്ളിൽ) അപ്പീൽ നൽകാവുന്നതാണ്.

ആദ്യമായാണ് അസംഘടിതമേഖലയിൽ പ്രവർത്തിക്കുന്ന അതിസൂഷ്മ (നാനോ) സംരംഭങ്ങൾക്ക് സർക്കാർ ആനുകൂല്യം ലഭ്യമാക്കുന്നത്.  ആശങ്കകളില്ലാതെ സംരംഭമേഖലയിലേക്ക് കടന്നുവരാൻ യുവജനങ്ങളെ പ്രാപ്തരാക്കുക കൂടി ചെയ്യുന്നതാണ് ഈ പദ്ധതി.

 

അർഹത

5 ലക്ഷം രൂപയിൽ താഴെ സ്ഥിരനിക്ഷേപം വരുന്ന സ്ഥാപനങ്ങൾക്ക് ആയിരിക്കണം (വസ്തു, കെട്ടിടം എന്നിവയിലെ നിക്ഷേപം ഇവിടെ പരിഗണിക്കുന്നില്ല.)
5 കുതിര ശക്തിയിൽ താഴെ ശേഷിയുള്ള യന്ത്രങ്ങൾ മാത്രമേ പാടുള്ളു.  (വൈദ്യുതി ആവശ്യമില്ലെങ്കിലും ആനുകൂല്യം ലഭിക്കും)
ഉല്പാദന യൂണിറ്റുകൾക്കും, സേവന സ്ഥാപനങ്ങൾക്കും അർഹത.
മറ്റ് സർക്കാർ പദ്ധതിയിൽ ഗ്രാന്റ് ആനുകൂല്യങ്ങൾ കൈപ്പറ്റിയവ ആകരുത്.
പിന്നാക്ക കോർപ്പറേഷൻ, വനിതാ വികസന കോർപ്പറേഷൻ, എസ്.സി./എസ്.റ്റി കോർപ്പറേഷൻ, സ്യൂനപക്ഷ കോർപ്പറേഷൻ തുടങ്ങിയ ഏജൻസികളിൽ നിന്നും കുറഞ്ഞ  നിരക്കിൽ വായ്പ എടുത്തവർക്ക് അർഹതയില്ല.
പൊതുമേഖലാ ബാങ്കുകൾ, ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ, സിഡ്ബി, ആർ.ആർ.ബി., ടാക്‌സ് ഫോഴ്‌സ് അംഗീകരിച്ച സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നും വായ്പ എടുത്തവർക്ക് പ്രയോജനം ലഭിക്കും.
വ്യവസായ വകുപ്പ് നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന 12 ഇനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.  സ്റ്റുഡിയോ & കളർ ലാബ്, ഡിസ്റ്റിലറികൾ, സോമിൽ, സോപ്പ്, മെറ്റൽ ക്രഷൻ & ഗ്രാനൈറ്റ്, സ്റ്റീൽ റീറോളിംഗ് മിൽ, സിമന്റ്, കാത്സ്യം കാർബൈഡ്, കശുവണ്ടി, വൈദ്യുതി അമിതമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ എന്നിവയാണ് അവ.
വായ്പ എടുത്ത് യൂണിറ്റ് ആരംഭിക്കുന്ന ആദ്യവർഷം കുടിശ്ശിക നോക്കാതെ തന്നെ പലിശ സബ്‌സിഡി നൽകുന്നതാണ്.  രണ്ട്, മൂന്ന് വർഷങ്ങളിൽ കുടിശ്ശികക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.

 

 

ടി.എസ്. ചന്ദ്രൻ

മാനേജർ

ജില്ലാ വ്യവസായ  കേന്ദ്രം

പാലക്കാട്

                   Chandrants666@gmail.com

Post your comments