Global block

bissplus@gmail.com

Global Menu

ജിഎസ്ടി: ലോട്ടറി മേഖലയില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലോട്ടറികളിന്മേല്‍ ചുമത്തിയിട്ടുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി)യില്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം.സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച ലോട്ടറിയ്ക്ക് നിലവില്‍ 28 ശതമാനമാണ് നികുതി. അതേസമയം സംസ്ഥാനത്തെ മറ്റ് ലോട്ടറികള്‍ക്ക് 12 ശതമാനമാണ് നികുതി ചുമത്തിയിട്ടുള്ളത്. 

ഉയര്‍ന്ന ജിഎസ്ടി ഇന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങളിലെയും ലോട്ടറി ബിസിനസ്സിനെ സാരമായി ബാധിച്ചിട്ടുണ്ട്. അരുണാചല്‍പ്രദേശ്, ഗോവ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങിലെ ലോട്ടറി ബിസിനസ്സില്‍ വന്‍ തകര്‍ച്ചയാണ് ഇതോടെയുണ്ടായിരിക്കുന്നത്.

സംസ്ഥാനങ്ങളിലെ സാമ്പത്തിക ഘടനയെ താറുമാറാക്കിയിരിക്കുന്ന ജിഎസ്ടിയില്‍ അയവ് വരുത്തണമെന്ന ആവശ്യവും കേന്ദ്രം തള്ളിക്കളഞ്ഞതായാണ് കേന്ദ്ര ധനകാര്യ മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കുന്നത്. 

പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ഗോവ, മിസോറാം, നാഗാലാന്‍ഡ് സിക്കിം തുടങ്ങി 14 സംസ്ഥാനങ്ങളില്‍ ലോട്ടറി അനുവദിച്ചിട്ടുണ്ട്. ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് ടിക്കറ്റിന്റെ വിലയില്‍ നിന്നും ഏജന്റിന്റെ കമ്മിഷന്‍ വിലയായ 10 മുതല്‍ 12 ശതമാനം വരെയുള്ള തുകയിലായിരുന്നു സേവന നികുതി ചുമത്തിയിരുന്നത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷം ലോട്ടറിയുടെ അടിസ്ഥാന മൂല്യത്തില്‍ നിന്നും 12 മുതല്‍ 28 ശതമാനം വരെ നികുതിയായി ഈടാക്കുകയാണ് ചെയ്യുന്നത്. 

ജിഎസ്ടി, ലോട്ടറി മേഖലയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് കേരളം, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പശ്ചിമബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോട്ടറി വില്‍പ്പന കുറയുകയാണ് ചെയ്തത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 450 കോടി വാര്‍ഷിക വരുമാനമാണ് ലോട്ടറി മേഖലയില്‍ നിന്ന് ജിഎസ്ടിയ്ക്ക് മുമ്പ് ലഭിച്ചിരുന്നത്. 

Post your comments