Global block

bissplus@gmail.com

Global Menu

അസാധു നോട്ടുകൾ മാറാൻ വിദേശത്തേക്ക് കൊറിയർ

ന്യൂഡൽഹി: കഴിഞ്ഞ നവംബറിൽ അസാധുവാക്കപ്പെട്ട 500 രൂപയുടെയും, 1000 രൂപയുടെയും നോട്ടുകൾ വിദേശത്തേയ്ക്ക് അയച്ച് മാറ്റിയെടുക്കുന്നതായി കണ്ടെത്തി. അസാധുവാക്കിയ നോട്ടുകൾ  മാറ്റിയെടുക്കുന്നതിനുള്ള  ഇന്ത്യയിലെ സമയപരിധി ഡിസംബർ 30-ന് അവസാനിച്ചിരുന്നു. എന്നാൽ നോട്ട്  മാറാൻ വിദേശത്തുള്ള ഇന്ത്യക്കാർക്ക് ജൂൺ 30 വരെ കേന്ദ്രം സമയപരിധി നീട്ടി നൽകിയിരുന്നു.

ഈ സാഹചര്യം മുതലാക്കുവാനായി ചിലർ 500 രൂപയുടെയും, 1000 രൂപയുടെയും പഴയ നോട്ടുകൾ മാറ്റുന്നതിന് വിദേശത്തുള്ള ബന്ധുക്കളോ, പരിചയക്കാരോ വഴി നോട്ടുകൾ മാറ്റിയെടുക്കുന്നതായി സൂചന ലഭിച്ചു. കൊറിയർ വഴി പഴയ നോട്ടുകൾ മാറ്റിയെടുക്കുന്നതായി കസ്റ്റംസ് കണ്ടെത്തി. 

ബുക്കുകൾ  എന്ന്  തെറ്റിദ്ധരിപ്പിച്ചാണ് പഴയ നോട്ടുകൾ കൊറിയർ ചെയ്യുന്നത്. ഇങ്ങനെ  കൊറിയർ വഴി വിദേശത്ത് അയച്ച കവറിൽ നിന്നാണ് ഒരു  ലക്ഷത്തോളം അസാധു നോട്ടുകൾ പിടിച്ചെടുത്തിരിക്കുന്നത്. ഏറ്റവും  ഒടുവിൽ പിടികൂടിയത് പഞ്ചാബിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് അയച്ച പഴയ നോട്ടുകളാണ്. 

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, നാഗ്പുർ എന്നിവിടങ്ങളിലെ റിസർവ് ബാങ്കുകളുടെ ശാഖകൾ  വഴി  മാത്രമേ വിദേശ ഇന്ത്യക്കാർക്ക് അസാധുവായ നോട്ടുകൾ  മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. രാജ്യത്തെ  വിമാനത്താവളത്തിൽ എത്തുന്ന  പ്രവാസികൾ കസ്റ്റംസ് ഉദ്യോഗസ്‌ഥരുടെ പക്കൽ നിന്ന് നോട്ടുകൾ സംബന്ധിക്കുന്ന  രേഖകൾ കൈപ്പറ്റണം. ഈ രേഖകളുമായി വേണം നോട്ട് മാറാനായി ബാങ്കിനെ സമീപിക്കേണ്ടത്. 

Post your comments