Global block

bissplus@gmail.com

Global Menu

പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങള്‍ മൂന്ന് തലത്തില്‍ വിലയിരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: പതിമൂന്നാം പഞ്ചവത്സരപദ്ധതി മുതല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയവും കാര്യക്ഷമവുമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  പദ്ധതി പ്രവര്‍ത്തനങ്ങള്‍ മൂന്ന് തലങ്ങളില്‍ ത്രൈമാസഅവലോകനം ചെയ്തു വിലയിരുത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്യക്ഷമവും ഊര്‍ജ്ജിതവുമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും മൂന്നാം പാദത്തില്‍ ചെലവാക്കാവുന്ന തുകയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവകേരളത്തിന് ജനകീയാസൂത്രണം പതിമൂന്നാം പഞ്ചവത്സരപദ്ധതി വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ കരകുളം പഞ്ചായത്തിലെ കരയാളത്തുകോണം  വാര്‍ഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കാലാകാലമായി സ്വീകരിച്ചു വരുന്ന രീതി അവസാനമാസത്തില്‍ കൂടുതല്‍ ചെലവ് നിര്‍വഹിക്കുക എന്നതാണ്.  ഇത് ശാസ്ത്രീയമല്ല.  ഇത്തവണ അതില്‍ മാറ്റം വരും.  ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാ മേഖലയിലും തുടങ്ങിക്കഴിഞ്ഞു. പദ്ധതി നിര്‍വഹണ പുരോഗതി ഓരോ മൂന്ന് മാസത്തിലും സര്‍ക്കാര്‍ വിലയിരുത്തും. ഇതിന് പുറമേ ബന്ധപ്പെട്ട വകുപ്പ്  സെക്രട്ടറിയുടെ മേല്‍ നോട്ടത്തിലും വകുപ്പ് മന്ത്രിയുടെ മേല്‍ നോട്ടത്തിലും വിലയിരുത്തലുകള്‍ ഉണ്ടാവും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോഘട്ടത്തിലും നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചും ചെലവാക്കേണ്ട തുക സംബന്ധിച്ചും കൃത്യമായ ധാരണ ഉണ്ടാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതി വിഹിതചെലവുകളില്‍ മാതൃകാപരമായ മാറ്റത്തിന് ഇത് കാരണമാവും. അവസാനത്തെ മൂന്ന് മാസത്തില്‍ 30 ശതമാനത്തില്‍ അധികം തുക ചെലവിടാന്‍ അനുവദിക്കുകയില്ല. മാര്‍ച്ച് മാസത്തില്‍ ഇത് 15 ശതമാനമാക്കി നിയന്ത്രിക്കും. ഇതൊടൊപ്പം ഓരോ മേഖലയിലും സര്‍ക്കാരിന് അര്‍ഹമായ കേന്ദ്ര വിഹിതങ്ങളും സഹായങ്ങളും വീഴ്ച വരാതെ ലഭ്യമാക്കുന്നതിനുള്ള വകുപ്പുകളെ ഏകോപിച്ചുകൊണ്ടുള്ള സംവിധാനം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Post your comments