Global block

bissplus@gmail.com

Global Menu

അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഇനി നിയന്ത്രണങ്ങൾ ഇല്ല

മുംബൈ:  ഇനി  അക്കൗണ്ടുകളിൽ  നിന്ന്  പണം പിൻവലിക്കുന്നതിന്  നിയന്ത്രണങ്ങൾ ഇല്ല. നോട്ട് പിൻവലിക്കലിനെ തുടർന്ന് അക്കൗണ്ടുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് പണം  പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇനി  മുതൽ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം അക്കൗണ്ടുകളിൽ നിന്ന് പഴയതുപോലെ പണം  പിൻവലിക്കാവുന്നതാണ്. 

നോട്ട് നിരോധനത്തെ  തുടർന്ന് നോട്ട് ക്ഷാമം നേരിട്ട സാഹചര്യത്തിലാണ് ഒരു  നിശ്ചിത തുക മാത്രം അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാൻ പാടുള്ളൂ എന്ന  നിയന്ത്രണം  കൊണ്ടുവന്നത്. ഈ  നിയന്ത്രണങ്ങൾ ഓരോ ഘട്ടങ്ങളായി ലഘൂകരിച്ച് ഇപ്പോൾ  പൂർണ്ണമായും ഇല്ലാതാക്കിയിരിക്കുകയാണ്.  

തുടക്കത്തിൽ എ.ടി.എമ്മുകളിൽ നിന്ന്  2500 രൂപ, മാത്രമായിരുന്നു ഒരു  ദിവസം പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക. പിന്നീട് അത്  4500 രൂപയായി  ഉയർത്തി. ഒടുവിൽ പിൻവലിക്കാവുന്ന പരമാവധി  തുക 10000  രൂപ വരെ ആക്കിയിരുന്നു. 

ഫെബ്രുവരി  20  മുതൽ  ആഴ്ചയിൽ പിൻവലിക്കാവുന്ന പരമാവധി തുക 24000 രൂപയിൽ  നിന്ന്  50000 രൂപയാക്കി ഉയർത്തിയിരുന്നു. മാത്രവുമല്ല എ.ടി.എമ്മിൽ നിന്ന്  ഓരോ  ദിവസവും  പിൻവലിക്കാവുന്ന തുകയ്ക്കുള്ള നിയന്ത്രണം, കറന്റ് അക്കൗണ്ട്, ക്യാഷ്  അക്കൗണ്ട്, ഓവർ  ഡ്രാഫ്റ്റ് അക്കൗണ്ട് തുടങ്ങിയവയിൽ നിന്ന് പണം  പിൻവലിക്കുന്നതിനുള്ള  എല്ലാ  നിയന്ത്രണവും മുൻപ്  തന്നെ എടുത്തു  മാറ്റിയിരുന്നു.നോട്ട് നിരോധനത്തെ  തുടർന്ന്  നാലു  മാസം  നീണ്ടുനിന്ന  നിയന്ത്രണങ്ങളാണ് ഇപ്പോൾ  റിസർവ് ബാങ്ക്  ഒഴിവാക്കിയിരിക്കുന്നത്.  

പിൻവലിച്ച 1000, 500 ന്റെയും  പഴയ നോട്ടുകൾക്ക്  പകരം  പുതിയ  നോട്ടുകൾ ആവശ്യത്തിന് എത്താതിരുന്നതാണ് നോട്ട്  പ്രതിസന്ധിയ്ക്ക് കാരണമായത്. ഇപ്പോൾ സേവിങ് അക്കൗണ്ടുകളിലെ  നിയന്ത്രണങ്ങൾ കൂടി  മാറിയപ്പോൾ നോട്ട്  നിരോധനത്തെ  തുടർന്ന് ഉണ്ടായിരുന്ന ആശങ്കകളും, പ്രതിസന്ധികളും പൂർണ്ണമായും  മാറിയിരിക്കുകയാണ്. 

Post your comments