Global block

bissplus@gmail.com

Global Menu

സ്വർണത്തിന്റെ വാങ്ങൽ നികുതി പിൻവലിച്ചേക്കുമെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത്  സ്വർണത്തിന്റെ വാങ്ങൽ നികുതി പിൻവലിച്ചേക്കും. ഈ വിഷയം ഇപ്പോൾ ധനമന്ത്രിയുടെ പരിഗണനയിലാണ്. ഈ കഴിഞ്ഞ  സംസ്ഥാന  ബജറ്റിൽ സ്വർണത്തിന്റെ വാങ്ങൽ നികുതി  പിൻവലിക്കുന്നതിനെക്കുറിച്ച് യാതൊരു പരാമർശവും ഉണ്ടായിരുന്നില്ല. ഭാവിയിൽ ഈ  വിഷയം  പരിഗണിക്കാമെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിരുന്നത്.

സംസ്ഥാനത്തെ സ്വർണ വ്യാപാരികളോട് സർക്കാർ 2006 മുതൽ കോമ്പൗണ്ടിങ് സംവിധാനം നടപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി തൊട്ടു  മുൻപുള്ള മൂന്ന് വർഷങ്ങളിൽ വ്യാപാരികൾ  നൽകികൊണ്ടിരുന്ന നികുതി  തുകയുടെ നിശ്ചിത ശതമാനം വർദ്ധനവോടെ  കോമ്പൗണ്ടിങ് നികുതിയായി  അടക്കേണ്ടതാണ്. 

എന്നാൽ കോമ്പൗണ്ടിങ് സംബന്ധമായ നിയമത്തിൽ 2014 -ൽ ഭേദഗതി കൊണ്ടു വന്ന  പ്രകാരം  സ്വർണ  വ്യാപാരികൾ പഴയ സ്വർണം വാങ്ങുമ്പോൾ വാങ്ങൽ  നികുതി നൽകേണ്ടതാണ്. നിയമം 2014 -ലാണ് പ്രാബല്യത്തിൽ  വന്നതെങ്കിലും അതിനും  ഒരു വർഷം മുൻപ് മുതൽ  മുൻകാല പ്രാബല്യം നൽകിയിരുന്നു.

ഈ  നടപടിക്ക് എതിരെ വ്യാപാരികൾ കോടതിയെ സമീപിക്കുകയും, അനുകൂല നടപടി നേടിയെടുക്കുകയും ചെയ്‌തു. എന്നാൽ ഈ  കഴിഞ്ഞ സി.ഐ. ജി  റിപ്പോർട്ടിൽ  ഇതിനെപ്പറ്റിയുള്ള പരാമർശം  വ്യപാരികളെ  കൂടുതൽ  പ്രതിസന്ധിയിലാക്കി. റിപ്പോർട്ടിലെ പരാമർശത്തെ തുടർന്ന്  കോമ്പൗണ്ടിങ്  സമ്പ്രദായം സ്വീകരിച്ച വ്യപാരികൾക്കാണ്  സർക്കാർ  കനത്ത നികുതി ചുമത്തി നോട്ടീസ്  നൽകിയിരിക്കുന്നത്.

കേരളമാണ് സ്വർണത്തിന് ഏറ്റവും  കൂടുതൽ  നികുതി ഈടാക്കുന്ന സംസ്ഥാനം. മറ്റു  സംസ്ഥാനങ്ങളിൽ ഒരു  ശതമാനം നികുതി  ഈടാക്കുമ്പോൾ കേരളത്തിൽ  അഞ്ച്  ശതമാനമാണ്  നികുതി. ചരക്കു സേവന നികുതി  വരുന്നതോടെ കോമ്പൗണ്ടിങ് സമ്പ്രദായം പൂർണ്ണമായും ഇല്ലാതാകും. എന്നാൽ  സ്വർണത്തിന്റെ ചരക്കു സേവന നികുതി എത്രയായിരിക്കുമെന്ന് ഇതു  വരെ  തീരുമാനമായിട്ടില്ല. ചരക്കു സേവന നികുതി വരുന്നതിന് മുൻപ്  ഈ  വിഷയത്തിൽ  തീരുമാനമാകുമെന്നാണ് സ്വർണ വ്യാപാരികളുടെ പ്രതീക്ഷ. 

Post your comments