Global block

bissplus@gmail.com

Global Menu

ധനപ്രതിസന്ധിയും സര്ക്കാര്‍ സമീപനവും

സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷവമായി അടിക്കടി രൂക്ഷമാകുന്ന ധനപ്രതിസന്ധിയിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയാണ്.  2013 ന്റെ ആദ്യപാദത്തില്‍ സോളാര്‍ കേസാണ് സര്‍ക്കാരിനെ പിടിച്ചുലച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് അനുകൂല സാഹചര്യത്തില്‍ നാനൂലും തലപൊക്കും എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് അഴിമതിയും നിയമ നിഷേധവും സാര്‍വത്രികമായി. സര്‍ക്കാരിന്റെ ഒട്ടുമിക്ക പ്രധാന വകുപ്പുകളും കെടുകാര്യസ്ഥതയുടെ ഈറ്റില്ലങ്ങളായി മാറി. വിഭവ സമാഹരണം അപകടകരമായ നിലയില്‍ താഴ്ന്നു.  വിഭവ സമാഹരണത്തിലെ അലസത, ബജറ്റിനു പുറത്തുള്ള നീക്കുപോക്കുകള്‍, യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള ചെലവുകളുടെ ധാരാളിത്തം ഇതൊക്കെ ധന പ്രതിന്ധിയ്ക്കു കാരണമായി.

201314 ബജറ്റ ലക്ഷ്യമിട്ടത് 58057.88 കോടി രൂപ സമാഹരിക്കുവാനായിരുന്നെങ്കിലും അതിന് അരകില്‍ എത്താനായില്ല. അതിനാല്‍ 2014 -14 ബജറ്റില്‍ പോയ വര്‍ഷത്തേക്കുള്ള ധനസമാഹരണ യജ്ഞം പുതുക്കി 54966.85 കോടി രൂപയില്‍ ഒതുക്കി. അതായത് ലക്ഷ്യം വച്ചിരുന്നതിലും 5.34 ശതമാനം കുറച്ചാണ് പുതുക്കി നിശ്ചയിച്ചത്. 2015-16 ലെ ബജറ്റ് ഡോക്യുമെന്റ് കയ്യില്‍ എത്തിയാല്‍ മാത്രമെ യഥാര്‍ത്ഥത്തില്‍ എത്ര മാത്രം വിഭവ സമാഹരണം നടന്നു എന്ന് മനസിലാകു.

2014 -2015 ബജറ്റ് ലക്ഷ്യമിട്ടിരിക്കുന്ന വിഭവ സമാഹരണം 64,842.35 കോടി രൂപയാണ്. ഇതില്‍ 42467.49 കോടി സമാഹരിക്കേണ്ടത് നികുതിയിനത്തിലാണ്. എന്നാല്‍ വാണിജ്യ നികുതി വകുപ്പ് നല്‍കുന്ന സൂചന ആശങ്കയ്ക്ക് വക വെയ്ക്കുന്നു. നികുതി വരുമാനം 19.5 ശതമാനം എന്ന തോതില്‍ വളര്‍ന്നാലേ ലക്ഷ്യത്തിലെത്തു. എന്നാല്‍ സെപ്തംബര്‍ 2017 വരെയുള്ള വില്‍പ്പന നികുതി വളര്‍ച്ച നിരക്ക് വെറും 13 ശതമാനം വരെ മാത്രമാണ്. അപ്പോഴും 2013 ല്‍ ഇതേ കാലയളവില്‍ ഉള്ള വളര്‍ച്ച നിരക്ക് 11 ശതമാനം മാത്രമായിരുന്നു എന്ന് ആശ്വസിക്കാം. മൂല്യവര്‍ദ്ധിത നികുതി വിഭവ സമാഹരണത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിനു ഇടവരുത്തുമെന്ന പ്രത്യാശയോടെ 2005ലാണ് നടപ്പിലാക്കിയത്. തുടര്‍ന്ന്  നികുതി വരുമാനത്തിലുണ്ടായ വളര്‍ച്ച താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്ന് മനസിലാകും.

പട്ടിക സൂചിപ്പിക്കുന്നതുപോലെ മൂല്യവര്‍ദ്ധിത നികുതി നടപ്പിലാക്കിയ ശേഷം 2007 -2008, 2013-2014, 2014-2015 എന്നീ മൂന്നു വര്‍ഷങ്ങളില്‍ ഒഴിച്ച് മറ്റെല്ലാ വര്‍ഷങ്ങളിലും നികുതി വര്‍ദ്ധനവ് സ്വാഗതാര്‍ഹമായ നിരക്കിലായിരുന്നു. നടപ്പു വര്‍ഷവും പോയ വര്‍ഷവും നികുതി വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് വളരാതിരുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്. ഇതു നോക്കുന്നതിന് മുന്‍പ് ദേശീയ തലത്തില്‍ റവന്യൂ വരുമാനം എങ്ങനെയെന്ന് നോക്കാം.

കേന്ദ്രം കടന്നു പോകുന്ന ബജറ്റ് വര്‍ഷം (2014 -2015) പ്രത്യക്ഷ നികുതിയില്‍ നിന്ന് 5.67 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചു. എന്നാല്‍ ജനുവരി വരെ സമാഹരിക്കുവാനായത് 3.29 ലക്ഷം കോടി രൂപ മാത്രം. പ്രതീക്ഷിച്ചതിന്റെ 58 ശതമാനം മാത്രം. പരോക്ഷ നികുതിയിനത്തില്‍ കേന്ദ്രം സമാഹരിക്കുവാന്‍ ലക്ഷ്യമിട്ടത് 13.6 ലക്ഷം കോടി രൂപ. സമാഹരിച്ചത് 3.28 ലക്ഷം കോടി രൂപ മാത്രം. അതായത് ലക്ഷ്യമിട്ടതിന്റെ 24.1 ശതമാനം മാത്രം. ചുരുക്കി പറഞ്ഞാല്‍ ദേശീയ ശരാശരി റവന്യൂ വളര്‍ച്ചാനിരക്ക് വെറും 11.07 ശതമാനം എന്നര്‍ത്ഥം. ഇതിലും മികച്ചതാണ് കേരളത്തിന്റെ നേട്ടം. കേന്ദ്രത്തിന് വിഭവ സമാഹരണത്തിന് പല അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നു എന്നു കൂടി ഓര്‍ക്കണം. ക്രൂഡ് പെട്രോളിന്റെ വില ബാരല്‍ ഒന്നിന് 115 ഡോളര്‍ എന്ന നിരക്കില്‍ നിന്ന് 45 ഡോളര്‍ വരെ താഴ്ന്നു. ഉപഭോക്തൃ വില സൂചിക 5.5 ശതമാനത്തില്‍ എത്തിയെന്നതൊക്കെ കേന്ദ്രം പ്രയോജനപ്പെടുത്തിയതും വീണുകിട്ടിയതുമായ അവസരങ്ങളായിരുന്നു.

എന്തുകൊണ്ട് നികുതി വരുമാനത്തില്‍ ചോര്‍ച്ച

ദേശീയ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ 68ാം വട്ട പഠനമനുസരിച്ച് ദേശീയ ആളോഹരി ഉപഭോഗത്തില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ് ഉള്ളത്. എന്നാല്‍ ദേശീയ ആളോഹരി വില്‍പ്പന നികുതിയുടെ കാര്യത്തില്‍ കേരളത്തിന് എട്ടാം സ്ഥാനമാണുള്ളത്. ഇത് കേരളത്തില്‍ നികുതി ടൈറ്റിസം എന്ന് പറഞ്ഞ് അലക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഉപഭോക് തൃ  സംസ്ഥാനമായ കേരളം നികുതി പിരിവിന്റെ കാര്യത്തില്‍  സത്യ സന്ധതയും കാര്യക്ഷമതയും കാണിക്കേണ്ടിയിരിക്കുന്നു. എവിടെ ഒക്കെയണ് വീഴ്ച പറ്റുന്നത് എന്ന് പരിശോധിക്കാം.

ബജറ്റിന് മുന്‍പ് ബജറ്റിന് ശേഷം രാഷ്ട്രീയക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒത്തുകളി. ബജറ്റില്‍ നിര്‍ദേശിക്കാവുന്ന ഒരു നികുതിയുടെ കാര്യമെടുക്കാം. നിര്‍മാണ മേഖലയില്‍ നികുതി വന്നാല്‍ ഖജനാവിന് 1000 കോടി രൂപ കിട്ടും. എന്നാല്‍ ബജറ്റിന പുറത്ത് ഒരു നീക്ക് പോക്ക്. കാണേണ്ടവരെ കണ്ട് മുപ്പത് കോടി അനുമാനം കൊടുക്കുന്നു. ഖജനാവിലേക്ക് വരുമായിരുന്ന 1000 കോടിയുടെ വീതം വെയ്പ് കഴിഞ്ഞു. നികുതി വരുമാനത്തിന്റെ 30 -35 ശതമാനം വരെ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തില്‍ നിന്നാണ്. ഇതില്‍ നിന്ന് നികുതി നഷ്ടം ഉണ്ടാകുമെന്ന് തെറ്റിദ്ധരിക്കരുത്. കള്ള്ഷാപ്പുകളും വില്‍പ്പനയും ഏറ്റവും സജീവമായ ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളുടെ കാര്യം തന്നെ എടുക്കാം. എക്‌സൈസ് വകുപ്പിലെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ തന്ന കണക്കനുസരിച്ച് സ്പിരിറ്റ് ചേര്‍ത്ത കള്ളാണ് ഈ ജില്ലകളില്‍ ഒക്കെ തന്നെ എത്തുന്നത്. 15 ഇരട്ടി വരെയാണ് ബാറുകാരന് ലാഭം. ഉദ്യോഗസ്ഥരെ സത്ക്കരിക്കുവാനും ഇവര്‍ മറക്കില്ല.

എങ്ങനെയാണ്  മാസപ്പടി വീതം വെയ്ക്കുന്നതെന്ന് നോക്കാം

വ്യക്തിയുടെ പദവി                         കൈക്കൂലി തുക

ഗാര്‍ഡ്                                    10,000 രൂപ

പ്രിവന്റീവ് ഓഫീസര്‍                12,000 രൂപ

അസിസ്റ്റന്‍ഡ് എക്‌സൈസ്

ഇന്‍സ്‌പെക്ടര്‍                              30,000 രൂപ

റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍                     1 ലക്ഷം

സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍                     1.5 ലക്ഷം

സര്‍ക്കിളിന് മുകളില്‍                        2-5 ലക്ഷം വരെ

 

ഇത്തരത്തില്‍ വീതം വെയ്പ് നടത്തുമെന്ന് അറിയുമ്പോള്‍ ഖജനാവില്‍ എത്തുന്നത് എത്ര തുച്ഛം. കുടിക്കുന്നവരുടെ ആയുര്‍ ആരോഗ്യങ്ങള്‍ എത്ര മെച്ചപ്പെടും. 

സംസ്ഥാന സര്‍ക്കാര്‍ ധനപ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോഴാണ് ഒരു ലക്ഷം വരെയുള്ള മുദ്രപത്രങ്ങള്‍ വെന്‍ഡര്‍മാരില്‍ നിന്ന് വാങ്ങാം. അതിന് മുകളില്‍ ഉള്ളത് മാത്രമാണ് സബ്ട്രഷറിയില്‍ നിന്ന് വാങ്ങേണ്ടത് എന്ന നിയമം വരുന്നത്. ഒരു ലക്ഷത്തിന്റെ മുദ്രപത്രത്തിന് 2 ശതമാനമാണ് പലിശ. അതായത് ഒരു ലക്ഷത്തിന്റെ മുദ്രപത്രം വെന്‍ഡര്‍ വില്‍ക്കുമ്പോള്‍ ഖജനാവിലേക്ക് 2000 രൂപ നഷ്ടം. ഓര്‍മ്മിക്കുക 230 തുടങ്ങി 280 കോടി വരെയുള്ള മുദ്രപത്രങ്ങളാണ് ഒരു ദിവസം കേരളത്തില്‍ വില്‍ക്കുന്നത്. പണ്ടൊരു ധനപ്രിന്‍സിപ്പിള്‍ സെക്രട്ടറി മുദ്രപത്ര വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കി. സംസ്ഥാന ഖജനാവിലേക്ക് ഒരു ധനധാര കൊണ്ടു വരുവാന്‍ ശ്രമിച്ചു. വെറും 900 വെന്‍ഡര്‍മാരുടെ മുഷ്‌ക്കിനു മുമ്പില്‍ സര്‍ക്കാര്‍ മുട്ട് കുത്തി. ഈ ഉദ്യോഗസ്ഥന്‍ കേന്ദ്ര സര്‍വ്വീസിലേക്ക് ഡെപ്യൂറ്റേഷനില്‍ പോയി. വെന്‍ഡരുടെ ശരാശരി വാര്‍ഷിക വരുമാനം പത്ത് ലക്ഷത്തിനു മേല്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മറ്റു തൊഴിലാളികളെപ്പോലെയല്ല ഇവര്‍. ഈ പാവം വെന്‍ഡര്‍മാര്‍ ഇന്‍കം ടാക്‌സും നല്‍കാതെ ഊരിപ്പോകുന്നു.

 

ഭാഗാധാരം

ഭാഗാധാര ഉടമ്പടിയാണ് മറ്റൊരു വരുമാനചോര്‍ച്ചാ കേന്ദ്രം. ഭാഗാധാരത്തിന്റെ താരീഫ് ആയിരം രൂപയില്‍ ഒതുക്കിയതോടെ കേരളത്തിന്റെ നിലവില്‍ ഇരിക്കുന്നതും ഉണ്ടാകാന്‍ ഇരിക്കുന്നതുമായ സ്വത്ത് പോലും ഭാഗം ചെയ്തു കാണും. കാരണം സര്‍ക്കാര്‍ എന്ന മണ്ടന് ബുദ്ധിയുദിച്ചാല്‍ അതുമല്ലെങ്കില്‍ വേണ്ടപ്പെട്ടവരുടെ ഭാഗാധാരം കഴിഞ്ഞാല്‍ ഇതുവരെ നിലവിലുണ്ടായിരുന്ന ഒരു ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്നത് ഉറപ്പാണല്ലോ. ആയിരം രൂപയില്‍ അടങ്ങിയിരിക്കുന്ന അനീതിയും ഒരു ശതമാനത്തില്‍ അടങ്ങിയിരിക്കുന്ന നീതിയും ഗ്രഹിക്കുന്നില്ലെന്ന് നടിക്കുന്ന സര്‍ക്കാരിന് ആര് ബുദ്ധിയുപദേശിച്ചു കൊടുക്കും. ഖജനാവ് നഷ്ടം സഹിച്ചോട്ടെ.

 

ഫോം 16ഉം നികുതി വെട്ടിപ്പും

വാണിജ്യ നികുതി വകുപ്പ് ജോയിന്റ് കമ്മീഷണറുമായ കെ എം അല്‍ത്താഫ് (മലയാള മനോരമ ജനുവരി 6) ചൂണ്ടിക്കാണിച്ചത് നോക്കുക. സ്വന്തം ആവശ്യത്തിന് എന്ന വ്യാജേന നികുതി വെട്ടിച്ച് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂലൈ വരെ കേരളത്തിലെ മൂന്നു ചെക്ക് പോസ്റ്റുകള്‍ വഴി മാര്‍ബിളും, ഗ്രാനൈറ്റുകളും കൊണ്ട് കടന്നു വന്ന ലോറികളുടെ എണ്ണം വാളയാര്‍ വഴി 736 ലോഡ്,  കൂട്ടുപുഴ വഴി 615 ലോഡും, മുത്തങ്ങ വഴി 110 ലോഡുമാണ്. വിവരവകാശ രേഖപ്രകാരം ശേഖരിച്ച കണക്കാണിത്. നിര്‍മാണ രംഗം സജീവമായി ഇരിക്കുമ്പോഴും, നിര്‍മാണ സാമഗ്രികളില്‍ നിന്നുള്ള നികുതി വരുമാനം വളരെ കുറവാണെന്ന് കാണാം. താഴെ കൊടുത്തിരിക്കുന്ന പട്ടിക പരിശോധിക്കാം.

പട്ടികയില്‍ കാണുന്ന ഓരോ നിര്‍മാണ അസംസ്‌കൃത വസ്തുവും എയര്‍, റോഡ് റെയില്‍ പോര്‍ട്ട് തുടങ്ങിയ വഴി ഫോം പതിനാറ് ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്നു. മുകളില്‍ സൂചിപ്പിച്ച വകുപ്പുകള്‍ വഴിയുള്ള ഏകോപനവും ഫോം പതിനാറിന്റെ ശാസ്ത്രീയ വശവും വഴി ഒരു പഴുതുമില്ലാതെ അടയ്ക്കാവുന്ന പഴുതകളിലൂടെയാണ് നികുതി വെട്ടിപ്പു നടത്തുന്നത്.

നികുതിയുടെ അടിത്തറ വിസ്തൃതമാക്കാതിരിക്കല്‍

വാറ്റ് വന്ന വര്‍ഷം മുതല്‍ ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങള്‍ക്കുമായി മുന്നോട്ടു വച്ച നയം വാറ്റിന്റെ പരിധിയില്‍ വരുന്നതിനുള്ള അടിസ്ഥാന വിറ്റുവരവ് വര്‍ഷം 5 ലക്ഷം എന്നതാണ്. എല്ലാ സംസ്ഥാനങ്ങളിലും ഇതേ നയം തുടരുമ്പോള്‍ കഴിഞ്ഞ 5 ലക്ഷം എന്ന പരിധി കേരളത്തില്‍ പത്ത് ലക്ഷമായി ഉയര്‍ത്തി. നികുതിയുടെ അടിത്തറ വിപുലമാക്കുന്നതിന് പകരം താഴ് വേര് അറുത്തു എന്നു പറയുന്നതാകും ശരി. ഇതും നീക്കു പോക്കിന്റെ ബാക്കിപത്രമാണോ? ഇങ്ങനെയൊക്കെ ചെയ്തിട്ട് ക്രൈസിസ് എന്ന് പറഞ്ഞ കൈകാലിട്ടിട്ട് അടിച്ചിട്ട് എന്തുവേണം. നികുതി അടിത്തറ വിപുലമാക്കാന്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തുക. ഇക്കോണമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് (ഏറെക്കാലമായി) 20 ലക്ഷം ഷോപ്പസ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഉണ്ട് കേരളത്തില്‍. 3.80,000 മാത്രമെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു. വിറ്റു വരവ് 5 ലക്ഷമോ 10 കോടിയോ എന്ന് ആരറിയും. ഇതിലൂടെ ഖജനാവില്‍ എത്തേണ്ടത് വ്യാപാരി വ്യവസായിയുടെ കീശയില്‍ പോകുന്നു. ്ജനം എം ആര്‍ പി അനുസരിച്ച് എല്ലാ ഉത്പന്നങ്ങള്‍ക്കും നികുതി കൊടുക്കുന്നു. എന്നാല്‍ കള്ളക്കണക്കെഴുതി സ്വന്തം കീശവീര്‍പ്പിക്കുന്നതല്ലാതെ സര്‍ക്കാര്‍ ഖജനാവിലേക്ക് ഒന്നും പോകുന്നില്ല. ദൈവത്തിനുള്ളത് ദൈവത്തിന് സീസര്‍ക്കുള്ളത് സീസര്‍ക്ക്. എന്നവര്‍ അംഗീകരക്കുകയും അനുസരിക്കുകയും ചെയ്‌തേനെ. ഇച്ഛാശക്തിയുള്ള ഗവണ്‍മെന്റും, സത്യസന്ധതമായൊരു വാണിജ്യനികുതി വകുപ്പും, വാണിജ്യ ഇന്റിലിജന്‍സ് വകുപ്പും ഉണ്ടായിരുന്നു എങ്കില്‍.

ചെക്ക് പോസ്റ്റ് അഴിമതി

ആവശ്യമുള്ള ഉത്പന്നങ്ങളുടെ 80 ശതമാനം അന്യ സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടു വരുന്ന കേരളത്തിന്റെ എല്ലാ വശത്തും ചെക്ക് പോസ്റ്റുകളാണ്. മൊത്തം കച്ചവടക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവരുടെ അക്ഷയ ഖനികള്‍ അഥവാ കാമധേനു ചെക്ക് പോസ്റ്റുകള്‍ ശാസ്ത്രീയമായ പരിഷ്‌കരിച്ചാല്‍ ചോര്‍ച്ച ഒഴിവാക്കാം. പക്ഷെ ചോര്‍ച്ച വര്‍ദ്ധിപ്പിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലോ. നികുതിയുടെ കാര്യത്തില്‍ തന്നെ നിരവധി മേഖലകള്‍ ഇതില്‍ വിസ്മരിക്കപ്പെട്ടു കിടക്കുന്നു. എന്നിരുന്നാലും പ്രധാന വരുമാന സ്രോതസ്സായ നികുതിയിതര വരുമാന സമാഹരണ യജ്ഞം കണ്ടില്ലെന്ന് നടിക്കരുതല്ലോ.

നികുതിയിതര വരുമാനം

വികിസിത രാജ്യങ്ങളില്‍ റവന്യു വരുമാനത്തിന്റെ 38 മുതല്‍ 40 ശതമാനത്തോളം നികുതിയിതര സ്രോതസ്സില്‍ നിന്നാണ് സമാഹരിക്കുന്നത്. ഉയര്‍ന്ന ഫീസ് നിരക്കുകള്‍ ഈടാക്കിക്കൊണ്ട് ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനദാതാക്കള്‍ ആകുക എന്നതാണ് ഗവണ്‍മെന്റ് നയം. ഇവിടെ നേരെ തിരിച്ചും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എടുത്ത് സേവനങ്ങള്‍ സൗജന്യമായ ലഭിക്കണമെന്ന ആശ്രിതത്ത സ്വഭാവമാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കും ഇന്നുള്ളത്. അതുകൊണ്ടാണ് ബി പി എല്‍ കാര്‍ഡ് കരസ്ഥമാക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പോലും കിണഞ്ഞു പരിശ്രമിക്കുന്നത്.

 

നികുതിയിതര വരുമാന മാര്‍ഗങ്ങളെ പൊതു സേവനങ്ങള്‍, സാമുഹ്യ സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍ എന്ന് മൂന്നായി തിരിക്കാം. എന്നാല്‍ നൂറോളം മേഖലകള്‍ ചേര്‍ന്നതാണ് ഇവ മൂന്നും. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ ആകെ വരുമാനത്തിന്റെ 40 ശതമാനം മാത്രമാണ് നികുതിയിതര വരുമാനം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെക്കാളും ഈ നികുതി പിരിച്ചെടുക്കാനുള്ള സാധ്യത ത കേരളത്തിനാണ് ഉള്ളത്. കാരണം സാമൂഹിക സാമ്പത്തിക നേട്ടങ്ങളില്‍ ഇന്ത്യന്‍ ശരാശരിയെക്കാള്‍ വളരെ ഉയരിത്തിലാണ് നാം. എന്നിട്ടും എന്തെ നികുതിയിതര വരുമാനം ധന പ്രതിസന്ധി ഘട്ടത്തില്‍ പോലും സഹായത്തിന് എത്തുന്നില്ല.  എവിടെയെങ്കിലും ഫീസ് ഫൈന്‍ യാത്ര നിരക്ക് എന്നിവയ്ക്ക് അല്‍പ്പം എങ്കിലും കൂട്ടാമെന്ന് വച്ചാല്‍ ഫയല്‍ അനങ്ങുവാന്‍ തുടങ്ങുമ്പോള്‍ തന്നെ സമരാഭാസങ്ങളുടെ തിരത്തള്ളലായി. കരി ഓയില്‍ തുടങ്ങി ഏതു ഹീന മാര്‍ഗവും ഈ വികസന വിരോധികള്‍ ഉപയോഗിച്ചുകൊള്ളും. എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കണമെങ്കില്‍ ഖജനാവില്‍ പണമുണ്ടാകണം. അതിന് നികുതി നികുതിയിതര മാര്‍ഗങ്ങള്‍ അല്ലാതെ ലഭ്യമായ മാര്‍ഗം കടം വാങ്ങുക എന്നതാണ്. ഇന്ത്യയില്‍ ആളോഹരി കടം ഏറ്റവും കൂടുതലുള്ള അപഖ്യാതി കൂടി കേട്ടാലും മാനം ഇലാത്തവര്‍ക്ക് എന്ത് മാനക്കേട്.   താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ നിന്ന് കേരളത്തിന്റെ നികുതിയിതര വരുമാനത്തിന്റെ സ്വഭാവം മനസിലാക്കാം.

 

പൊതു സേവനങ്ങളില്‍ നിന്നുള്ള വരുമാനം ആകെ നികുതിയിതര വരുമാനത്തിന്റെ 52.45 ശതമാനമായിരുന്നത്. 201-2013 ല്‍ 73.98 ശതമാനമായി വളര്‍ന്നു. ഈ മേഖല വളര്‍ന്നു എന്ന് പറയുന്നതിലും യുക്തി സഹമാണ്, മറ്റു മേഖലകള്‍ വളര്‍ച്ചയില്‍ വളരെ പിന്നോട്ടു പോയതിനാല്‍  പൊതുസേവന മേഖല വളര്‍ന്നതായി തോന്നുന്നു എന്നു പറയുന്നതാണ്.

പോലീസ് നിയമ സമാധാനം പൊതു ഭരണം, ജയില്‍ ഇവയൊക്കെ പൊതുസേവന ഗണത്തില്‍പ്പെടുന്നു. വഴിയോരങ്ങളില്‍ ക്യാമറകള്‍ വച്ച് ഓവര്‍ സ്പീഡ്കാരില്‍ നിന്ന് പിഴ ഈടാക്കുന്നത് നിയമ സമധാനത്തിന്റെ ഭാഗമാണ്. വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ജയില്‍ ചപ്പാത്തിയും കോഴിക്കറിയും ഖജനാവിന് വരുമാനം കൂട്ടുന്നു. സാമൂഹ്യ സേവനങ്ങളില്‍ ആരോഗ്യ വിദ്യാഭ്യാസ പ്രൊഫഷണല്‍ മേഖലകള്‍ വരുന്നുണ്ട്. ഈ മേഖലകളില്‍ ഒക്കെ നാമമാത്രമായ വരുമാനമാണ് കേരളത്തിന് കിട്ടുന്നത്. സര്‍ക്കാര്‍ മനസ്സ് വച്ചാല്‍ വരുമാനം വര്‍ദ്ധിപ്പിക്കാവുന്നതേയുള്ളു. സാമ്പത്തിക സേവനങ്ങള്‍ എടുക്കുമ്പോള്‍ ആദ്യം ഓരര്‍മ്മയില്‍ വരുന്നത് ക്വാറികളാണ്. 1700 അനധികൃത ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഗാഡ്ഗില് കമ്മിറ്റി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിന്റെ ധാതുസമ്പത്ത് അളിവില്ലാത്ത രീതിയില്‍ മോഷ്ടിച്ചു കടത്തുന്നവരെ നിമയത്തിനു മുമ്പില്‍ കൊണ്ടു വന്നു ഉത്തരം പറയിച്ചാല്‍ തന്നെ ഖജനാവ് നിറയും. പുറംപോക്കിലെ ക്വാറികള്‍ ഗവണ്‍മെന്റിന്റെ സ്വത്താണ്. അത് സ്വന്തം ആവശ്യത്തിന് എന്ന് പറഞ്ഞ് തഹസീല്‍ദാര്‍ കളക്ടര്‍ തുടങ്ങിയവര്‍ പാസ് വാങ്ങി ആയിരക്കണക്കിന് ട്രക്കുകളായി എം സാന്‍ഡും കല്ലും ഉപോത്പന്നങ്ങളുമായി കടത്തിക്കൊണ്ടു പോകുകയാണ്. നാടിനെ സേവിക്കുന്ന ജനപ്രതിനിധികള്‍ ഇതൊക്കെ ന്യായമായും അവര്‍ അര്‍ഹിക്കുന്നതാണെന്ന് ധാര്‍ഷ്ട്യം കാണിച്ചാല്‍ എന്തു ചെയ്യും. ചുരുക്കത്തില്‍ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങുകയാണ്. മാര്‍ച്ച് ഏപ്രില്‍ കാലഘട്ടങ്ങളില്‍ എല്ലാ ചെലവുകള്‍ക്കും കടിഞ്ഞാണ്‍ ഇട്ടില്ലെങ്കില്‍ കേരളം 2001 ജൂണിലേക്ക് തിരിച്ചു പോകും. കാലിയായ ഒരു ഖജനാവ് പ്രതിപക്ഷത്തെ ഏല്‍പ്പിച്ചാണ് എല്‍ഡിഎഫ് ഭരണം ഒഴിഞ്ഞത്.   

Post your comments