Global block

bissplus@gmail.com

Global Menu

ഇ-വിസയിൽ എത്തുന്നവർക്ക് സൗജന്യ സിം കാർഡ്


ന്യൂഡൽഹി :  ഇ-വിസയിലൂടെ ഇന്ത്യയിൽ എത്തുന്ന  വിനോദസഞ്ചാരികൾക്ക് വേണ്ടി പ്രീ-ലോഡ് സിം കേന്ദ്ര സർക്കാർ പുറത്തിറക്കി. കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മയാണ് സിം പുറത്തിറക്കിയത്.  ഭാരത് സഞ്ചാർ നിഗം ലിമിറ്റഡാണ് പ്രീ-ലോഡ് സിം കാർഡ് നൽകുന്നത്. സിം  കാർഡിൽ  50 രൂപയുടെ ടോക്ക് ടൈമും, 50എം.ബി  ഇന്റർനെറ്റ് ഡാറ്റയും സൗജന്യമായി ഉപഭോക്താവിന് ലഭിക്കുന്നതാണ്.

വിദേശത്ത് നിന്ന് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഇന്ത്യയിൽ  എത്തിയാൽ ഉടൻതന്നെ അവരുടെ പരിചയക്കാരുമായി സുഗമമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടിയാണ്  ഈ  സംവിധാനം സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കൂടാതെ വിനോദസഞ്ചാരികൾക്ക് വേണ്ടി  ആഴ്ച്ചയിൽ 24  മണിക്കൂറും  പ്രവർത്തിക്കുന്ന ഒരു  ഹെൽപ്‌ലൈൻ  സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ ഹെൽപ്‌ലൈനിൽ  12 വിദേശ ഭാഷകളുടെ സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. റഷ്യൻ, ജാപ്പനീസ് തുടങ്ങിയ  ഭാഷകൾ സംസാരിക്കുന്ന വിനോദ സഞ്ചാരികൾക്ക്  വളരെ  എളുപ്പത്തിൽ ഈ  ഹെൽപ്‌ലൈൻ ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

ഡൽഹിയിലെ  ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഈ പദ്ധതി ആദ്യമായി നടപ്പിലാക്കും. അതിന് ശേഷം  അധികം വൈകാതെ തന്നെ രാജ്യത്തെ ബാക്കിയുള്ള  15 ഇന്റർ നാഷണൽ എയർപോർട്ടുകളിലും ഈ  സംവിധാനം നടപ്പാക്കുവാനാണ് പദ്ധതി.  ഇ-വിസ സേവനം 161 രാജ്യത്തെ  പൗരൻമാർക്കാണ് നൽകിയിട്ടുള്ളത്. 2016-ൽ 10  ലക്ഷം ഇ-വിസകളാണ് അനുവദിച്ചിരുന്നത്.

Post your comments