Global block

bissplus@gmail.com

Global Menu

ആപ്പിളിന് ഇന്ത്യയിൽ എക്കാലത്തേയും റെക്കോർഡ് വരുമാനം

കൊൽക്കത്ത: ആഗോള വിപണിയിലെ വമ്പൻ നേട്ടത്തിന്  ശേഷം ആപ്പിൾ ഇന്ത്യൻ വിപണിയിലും തങ്ങളുടെ ചുവടുറപ്പിക്കുകയാണ്. കമ്പനി ഇന്ത്യയിൽ എക്കാലത്തേയും റെക്കോർഡ് വരുമാന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.  നോട്ട്  നിരോധനത്തെ തുടർന്ന് രാജ്യത്ത് വലിയതോതിൽ  സാമ്പത്തിക സമ്മർദ്ദം നിലനിന്ന ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ ആപ്പിളിന് റെക്കോർഡ് വരുമാനമാണ്  സ്വന്തമാക്കാൻ സാധിച്ചിരിക്കുന്നത്. 

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിളിന്റെ ഇന്ത്യയിലെ വിപണന മേഖലയെ നോട്ട് നിരോധനം എന്ന പ്രതിസന്ധി യാതൊരു തരത്തിലും പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതുകൊണ്ടു  തന്നെ  ഇന്ത്യയിലെ തങ്ങളുടെ വിപണന മേഖല   കൂടുതൽ  വിപുലപ്പെടുത്താനും കമ്പനി  പദ്ധതിയിടുന്നുണ്ട്.

രാജ്യത്ത് ദീർഘകാല പദ്ധതികൾ നടപ്പാക്കുന്നതിന്  കമ്പനി ആലോചിച്ചു വരികയാണ്. റീട്ടെയിൽ സ്റ്റോറുകൾ, വലിയ നിക്ഷേപങ്ങൾ തുടങ്ങിയ പദ്ധതികളെക്കുറിച്ചും ചർച്ചകൾ നടക്കുന്നതായും ആപ്പിളിന്റെ സി.ഇ.ഒ  ടിം കുക്ക് അറിയിച്ചു. ആപ്പിളിന്റെ  പുതിയ ഐഫോൺ 7 നും, 7 പ്ലസുമാണ്  ഇന്ത്യൻ  വിപണിയിൽ കമ്പനിക്ക്  ഏറ്റവും  അധികം വരുമാനം നേടിക്കൊടുത്തത്. സാങ്കേതിക തകരാറുമൂലം സാംസങിന്റെ ഗ്യാലക്സി നോട്ട്  7 തിരികെ വിളിച്ചതും ആപ്പിളിന്റെ  വിപണന സാധ്യതയ്ക്ക് കൂടുതൽ മുതൽക്കൂട്ടായി എന്നാണ് വിദഗ്‌ധർ  അഭിപ്രായപ്പെടുന്നത് . റിപ്പോർട്ടുകൾ പ്രകാരം 2016 -ൽ ആപ്പിൾ ഇന്ത്യയിൽ വിറ്റത് 25 ലക്ഷം ഫോണുകളാണ്. അതിൽ മൂന്നിൽ ഒരു  ഭാഗം  ഫോണുകളും വിറ്റത് ഒക്ടോബർ- ഡിസംബർ മാസങ്ങളിലാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

ആപ്പിളിന്റെ ഐഫോണിനോടൊപ്പം ഐപാഡുകളും, മാക്  കമ്പ്യൂട്ടറുകളും ഇന്ത്യൻ  വിപണിയുടെ  പ്രിയ താരങ്ങളാണെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. ആഗോളതലത്തിൽ ആപ്പിൾ തങ്ങളുടെ  മാക്  കമ്പ്യൂട്ടറിന്റെ  റെക്കോർഡ്  വിൽപ്പനയാണ് നടത്തിയിരിക്കുന്നത്.  ജപ്പാൻ, ചൈന, ഇന്ത്യ, നെതർലാൻഡ്, സ്വീഡൻ, യു.എസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ മാക് കമ്പ്യൂട്ടർ വിൽപ്പനയിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയതായിയാണ് റിപ്പോർട്ടുകൾ.

Post your comments