Global block

bissplus@gmail.com

Global Menu

വൈദ്യുതി ചാർജ് വർദ്ധനവ് ഉടനെയില്ല

കൊച്ചി:  സംസ്ഥാനത്ത്  വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത്തിനുള്ള നടപടികൾ ഒരു  മാസത്തേക്ക് നിർത്തിവച്ചു . വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ  ചൊവ്വാഴ്ച്ച വൈകിട്ട്  പുറത്തിറക്കിയ ഉത്തരവിലാണ് ഈ തീരുമാനം അറിയിച്ചത്. ഈ  ഉത്തരവ്  പ്രകാരം  നടപ്പ് സാമ്പത്തിക  വർഷത്തിലെയും, അടുത്ത  സാമ്പത്തിക വർഷത്തിലെയും  താരിഫ് നിരക്ക് പുതുക്കി നിശ്ചയിക്കും വരെ എല്ലാ ഉപഭോക്താക്കൾക്കും നിലവിലെ  നിരക്കു  തന്നെയാകും തുടരുക. 

സാധാരണയായി രണ്ട് വർഷത്തിലൊരിക്കലാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ  നിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ  2014 -ൽ  പുതുക്കി നിശ്ചയിച്ച നിരക്കുകൾ തുടർന്നുള്ള വർഷത്തേക്ക് നീട്ടി നൽകുകയായിരുന്നു. നീട്ടി നൽകിയ താരിഫിന്റെ കാലാവധി 2017  ജനുവരി 31-ന്  അവസാനിച്ചു.

ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ  നിരക്ക് നിലവിൽ വരേണ്ടതായിരുന്നു. എന്നാൽ  നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിന്  റെഗുലേറ്ററി കമ്മീഷൻ  സ്വമേധയാ എടുത്ത  നടപടിയ്ക്ക് എതിരെ പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ ഹൈക്കോടതിയെ  സമീപിച്ചിരുന്നു.  ഈ  സാഹചര്യത്തിലാണ് വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഒരു മാസത്തേക്ക് നിർത്തിവച്ചിരിക്കുന്നത്.  

റെഗുലേറ്ററി കമ്മീഷന്റെ  കണക്കുകൾ പ്രകാരം, നിലവിൽ  വൈദ്യുതി ചാർജ് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്ലായെന്നും, മറിച്ച്  നിരക്കുകൾ കുറയ്ക്കുകയാണ് വേണ്ടതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. വൈദ്യുതി ബോർഡ് സ്വകാര്യവത്കരിക്കുന്നതിന് മുൻപുള്ള ബാധ്യതകൾ കൂടി ഉൾപ്പെടുത്തി നഷ്ടക്കണക്കുണ്ടാക്കുന്നതിന്  എതിരെയും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. ഇതിനെതിരെ റെഗുലേറ്ററി കമ്മീഷനോടും, വൈദ്യുതി ബോർഡിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Post your comments