Global block

bissplus@gmail.com

Global Menu

എണ്ണയില്‍ എരിയുന്ന കേരളം

എണ്ണയില്‍ തെന്നിയൊന്ന് ബാലന്‍സ്  ഉലഞ്ഞു നില്‍ക്കുകയാണ് കേരളം ഇപ്പോള്‍.. ഇനി   എണ്ണയുടെ കുത്തൊഴുക്കില്‍ മുങ്ങി കൈകാലിട്ടടിക്കേണ്ട  ഗതികേടിലേയ്ക്ക്  നീങ്ങുമോ ?  വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കേരളം എണ്ണയില്‍ കത്തികരിയുമോ? അന്വേഷിക്കുകയാണ് കവര്‍ സ്‌റ്റോറി

 
സിന്തറ്റിക് റബര്‍ മൂലമുണ്ടായ വിലയിടിവു കൊണ്ട് റബര്‍ കര്‍ഷകര്‍ കൈകാലിട്ടടിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അത് വിവിധ തലങ്ങളില്‍ സംസ്ഥാനത്തിന്റെ ബാലന്‍സ്  തെറ്റിച്ചിട്ടുമുണ്ട്.  അതിനേക്കാള്‍ ഭീകരമായിരിക്കും 20 ലക്ഷത്തോളം വരുന്ന ഗള്‍ഫ് മലയാളികള്‍ക്കുണ്ടായേക്കാവുന്ന വരുമാനകുറവും തൊഴില്‍ നഷ്ടവും മൂലമുള്ള  പ്രതിസന്ധികള്‍. പ്രവാസികളുടെ കുടുംബങ്ങങ്ങളെ  മാത്രമല്ല  ബാങ്കുകള്‍, മറ്റ് പണമിടപാടു സ്ഥാപനങ്ങള്‍, കെട്ടിടനിര്‍മാണ മേഖല, ഗൃഹോപകരണഷോപ്പുകള്‍ അടക്കമുള്ള വ്യാപരശാലകള്‍,  ചെറുതും വലുതുമായ കയറ്റുമതി സ്ഥാപനങ്ങള്‍, ഹെല്‍ത്ത്, ടൂറിസം മേഖലകള്‍  എന്നിങ്ങളെ സംസ്ഥാനത്തിന്റെ ഏതാണ്ടെല്ലാ തലങ്ങളേയും അത് കാര്യമായി ബാധിക്കും. ഫലത്തില്‍ സംസ്ഥാനത്തിനകത്തും  തൊഴില്‍ നഷ്ടവും വരുമാനകുറവും നേരിടേണ്ടി വന്നേക്കാം. ഇവിടെയാണ് എണ്ണയില്‍  കേരളത്തിന് പൊള്ളലേല്‍ക്കുമോ  എന്ന ചോദ്യം ഉയരുന്നത്.

  ഇന്നലെ വരെ എണ്ണവില കുറയണമെന്നു മനമുരുകി പ്രാര്‍ത്ഥിച്ചിരുന്ന  കേരളത്തിന്  ഇന്ന് എന്തുകൊണ്ട് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വന്നു?
  ഉത്തരം  ലളിതം. എണ്ണയുടെ വന്‍വിലക്കുറവു മൂലം കിട്ടേണ്ട നേട്ടങ്ങളില്‍ വലിയപങ്കും ജനങ്ങള്‍ക്ക് നിഷേധിക്കുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിലയിടിവു മൂലം  ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെന്തെന്ന് പഠിക്കാനോ അത് നേരിടാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്താനോ ഇനിയും തയ്യാറായിട്ടില്ല. 
    മറ്റേതു സംസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിന്റെ സ്ഥിതി.  ഏഴു മാസം മുന്‍പ് ക്രൂഡ് വില കുറഞ്ഞ്  ഏറെ വൈകാതെ തന്നെ ആദ്യഅടി നമുക്കു  കിട്ടി.  റബര്‍ വിലതകര്‍ച്ചയുടെ രൂപത്തില്‍. ലോകത്തെ മുന്‍നിര ഉല്‍പ്പാദകരാജ്യമായ    ഇന്ത്യയില്‍ 90 % റബറും കേരളത്തില്‍ നിന്നാണ്.  ലക്ഷകണക്കിനു കര്‍ഷകരും കര്‍ഷകതൊഴിലാളികളുമാണ് റബറില്‍ ജീവനോപാധി കണ്ടെത്തുന്നത്.  എന്നാല്‍  മൂന്നു വര്‍ഷം മുന്‍പ് 240 രൂപ നിലവാരത്തിലായിരുന്ന റബര്‍ വില 120 രൂപയിലധികം കുറഞ്ഞതോടെ  കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല.  ഭൂരിപക്ഷം പേരും   ടാപ്പിങ് നിര്‍ത്തിവെച്ചതോടെ വരുമാനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. . പിടിച്ചു നില്‍ക്കാനാകാതെ റബര്‍ വെട്ടി മറ്റ് കൃഷികളിലേയ്ക്ക് തിരിയുന്നവരുടെ എണ്ണവും കൂടുന്നു. പുതുതായി വെച്ച് തെങ്ങ്, ജാതി  അടക്കമുള്ളവയില്‍ നിന്ന് വരുമാനം കിട്ടി തുടങ്ങാന്‍ കാലം കുറെ കാത്തിരിക്കേണ്ടി വരും. അതുവരെ എങ്ങനെ ജീവിക്കുമെന്ന ചോദ്യം ലക്ഷകണക്കിനു പേര്‍ക്കുമുന്നിലുണ്ട്. ആദായം കുറഞ്ഞതോടെ   ജീവിതചെലവിനു മാത്രമല്ല   വായ്പകള്‍ തിരിച്ചടയ്ക്കാനും കര്‍ഷകര്‍ വലയുകയാണ്. ഏറെ വൈകാതെ കൂട്ട ആത്മഹത്യ വരെ  റബര്‍ ബെല്‍ട്ടിലുണ്ടായാല്‍ അല്‍ഭുതപ്പെടേണ്ട.
 ക്രൂഡ് വില ഇനിയും താഴ്ന്നാല്‍ സിന്തറ്റിക് റബറിന്റെ ലഭ്യത കൂടും, വില കുറയും. ഫലമോ, നമ്മുടെ പ്രകൃതിദത്ത റബറിന്റെ ഡിമാന്‍ഡും വിലയും വീണ്ടും  ഇടിയും. വരുമാനം കുറയുന്നത്  ആളുകളുടെ ക്രയശേഷിയെ ബാധിക്കുമെന്നതിനാല്‍ സ്വാഭാവികമാകും എല്ലാ മേഖലകളിലും പ്രത്യാഘാതങ്ങള്‍  പ്രതിഫലിക്കും.  പ്രതിസന്ധി പരിഹരിക്കുമെന്ന് വാക്കാല്‍ പറയുന്നതല്ലാതെ കാര്യമായൊന്നും അധികൃതര്‍ ഇതുവരെ ഇക്കാര്യത്തില്‍ ചെയ്തിട്ടുമില്ല. 

 അതിനേക്കാള്‍ രൂക്ഷമായ പ്രശ്‌നങ്ങളാണ് ഇനി   തലപൊക്കാനിരിക്കുന്നത്. ക്രൂഡ് വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ത്തുന്ന വന്‍മാന്ദ്യഭീഷണി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായിരിക്കും.  കേരളത്തിലെ മൊത്തം 20 ലക്ഷത്തോളം  വരുന്ന പ്രവാസികളില്‍ 90 %  വും ഗള്‍ഫ് രാജ്യങ്ങളിലാണ്.   അതില്‍ തന്നെ 65-70 ശതമാനവും എണ്ണരാജ്യങ്ങളായ യുഎഇയിലും സൗദിയിലും.  അതായത് 12 ലക്ഷത്തോളം മലയാളികള്‍ ഭീഷണി നേരിടുകയാണ്.  സംസ്ഥാനത്തെ 15 % കുടുംബങ്ങളെയാവും  അത് നേരിട്ട് ബാധിക്കുക.  പക്ഷേ  ഗള്‍ഫില്‍ നിന്നുള്ള മണിയോര്‍ഡര്‍ ഇക്കോണമിയാണ് നമ്മുടെതെന്നതിനാല്‍ പരോക്ഷമായി അത് സംസ്ഥാനത്തിന്റെ എല്ലാ തലങ്ങളിലും ഓളങ്ങളുണ്ടാക്കും.
 
 ഏറ്റവും കൂടുതല്‍ പേര്‍ പണിയെടുക്കുന്ന കെട്ടിടനിര്‍മാണ മേഖലയുടെ നിലനില്‍പ്പ് പ്രധാനമായും ഗള്‍ഫ് മണിയെ ആശ്രയിച്ചാണ്.  അവിടെ നിന്നുള്ള പണമൊഴുക്കു കുറഞ്ഞാല്‍ ഭവനനിര്‍മാണം അവതാളത്തിലാകും. അത്  തൊഴിലാളികളെ മാത്രമല്ല റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളേയും നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്നവരേയും   പ്രശ്‌നത്തിലാക്കും. ഗള്‍ഫില്‍ നിന്നൊഴുകുന്ന പണമാണ്   വാഹന ഗൃഹോപകരണ , സൗന്ദര്യവര്‍ധനക ഉല്‍പ്പന്നങ്ങള്‍ക്ക് ഇവിടെ മികച്ച  വിപണി ഉറപ്പാക്കുന്നത്.  ആ രംഗത്തെ  വ്യാപാര ,നിര്‍മാണ സംരംഭങ്ങള്‍ക്ക്  വിറ്റുവരവ്  കുറയാനുള്ള സാധ്യതയേറെയാണ്. .  ധനകാര്യസേവനമേഖലയ്ക്കും സമാന വെല്ലുവിളി നേരിടേണ്ടി വരും. ഗള്‍ഫില്‍ നിന്നുള്ള പണമൊഴുക്ക് കുറയുന്നത്  ബാങ്കിങ് മേഖലയുടെ നിക്ഷേപത്തെ ബാധിക്കുമ്പോള്‍ ഭവനനിര്‍മാണം കുറയുന്നത് വായ്പാ കള്‍ കുറയാനും കാരണമാകും.  മാത്രമല്ല  ഫോറിന്‍ മണി എക്‌സ്‌ചേഞ്ച്, നിക്ഷേപരംഗത്തെ സേവനദാതാക്കള്‍ , പണമിടപാടു സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പ്രശ്‌നമാകും. ഇപ്പോള്‍ തന്നെ കടുത്ത വെല്ലുവിളി നേരിടുന്ന ഇന്‍ഷൂറന്‍സ്  ഏജന്റുമാരുടെ സ്ഥിതിയും വഷളായേക്കാം.  ഇവിടെ നിന്ന് കയറ്റിയയ്ക്കുന്ന ഭക്ഷ്യോല്‍പ്പന്നങ്ങള്‍,  സൗന്ദര്യവര്‍ധനക വസ്തുക്കള്‍ അടക്കമുള്ളവയുടെ പ്രധാന വിപണി ഗള്‍ഫ് രാജ്യങ്ങളാണെന്നതിനാല്‍  അവിടെ പണലഭ്യത കുറയുന്നത് ഇവിടുത്തെ  ചെറുതും വലുതുമായ നിര്‍മാണ യൂണിറ്റുകള്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കും. വിമാനക്കൂലിയില്‍ കാര്യമായ കുറവുണ്ടാകുമെന്നതാണ്  പ്രവാസികള്‍ക്ക് ആശ്വാസകരമായ ഒരു കാര്യം. പക്ഷേ  ഗള്‍ഫ്  മലയാളി പാപ്പരായാല്‍ വിനോദസഞ്ചാരമേഖലയിലും  അനുരണനങ്ങളുണ്ടാകും.  ഹോട്ടല്‍, ഹൗസ്‌ബോട്ട്, സ്ഥാപനങ്ങള്‍ക്കും  ആയുര്‍വേദ അലോപ്പൊതി ചികില്‍സാ സ്ഥാപനങ്ങള്‍ക്കും , മാളുകള്‍ക്കും തിക്തഫലം അനുഭവിക്കേണ്ടി വരാം. 

ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയിലും  കേരളത്തിന് ഏറെ പ്രതിക്ഷ പകരുന്ന ഒന്നാണ്     യാത്ര, ചരക്കു കൂലികള്‍ കുറയ്കുമെന്നത്. അതിന്റെ ഫലമായി എല്ലാ വസ്തുക്കളുടേയും വില കുറയും. പലിശ നിരക്കിലും കാര്യമായ കുറവുവരുമെന്നതും കടക്കെണിയില്‍ ഉഴലുന്ന  മലയാളിക്ക്  പ്രതീക്ഷ പകരുന്നു.  പക്ഷേ ഇതിന് ഒരു മറുവശം കൂടിയുണ്ട്. ഇന്ധനവില  കുറയുന്നതോടെ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി വര്‍ധിക്കുമെന്നത്  ഗതാഗത കുരുക്കും പരിസ്ഥിതി പ്രശ്‌നങ്ങളും കൂടുതല്‍ വഷളാക്കുമെന്നതും  വസ്തുതയാണ്.  

 ഇതിനെല്ലാം പുറമെയാണ്  എണ്ണ വില തകര്‍ച്ച ആഗോളരംഗത്തുണ്ടാക്കുന്ന  തിരിച്ചടികള്‍.  ഇതുവരെ സമ്പന്നമായിരുന്ന എണ്ണ രാജ്യങ്ങളില്‍ വന്‍മാന്ദ്യം ഉണ്ടായാല്‍ അത്  ലോകസമ്പദ്‌വ്യവസ്ഥയില്‍ അനിശ്ചിതത്വങ്ങളുണ്ടാക്കും. കഴിഞ്ഞ മാന്ദ്യത്തില്‍ നിന്ന് കരകയറിതുടങ്ങിയിട്ടേയുള്ളൂ ലോകം. ഇനിയുമൊരു മാന്ദ്യത്തില്‍ പിടിച്ചു നില്‍ക്കാനുള്ള ശേഷി കുറവാണ്. ഓഹരി വിപണിയിലും വിദേശ നിക്ഷേപ രംഗത്തും അതിന്റെ മാറ്റൊലിയുണ്ടാകാം.

 എട്ടു മാസം കൊണ്ട് 60 % ത്തിലധികം വില തകര്‍ച്ച നേരിട്ട ക്രൂഡോയില്‍  ഇനി എങ്ങോട്ടെന്നതാണ് ഇവിടെ ഏറ്റവും നിര്‍ണായകമായ ചോദ്യം.  ബാരലിന് 35 ഡോളര്‍  വരെയായി വില താഴാമെന്നാണ്  റിപ്പോര്‍ട്ടുകള്‍.  യുഎസിലെ  ഷെയ്ല്‍ ഗ്യാസ്  ഉല്‍പ്പാദനം ഉണ്ടാക്കിയ എണ്ണ വിപ്ലവം ഇനിയും അതേ പോലെ തുടര്‍ന്നാണിത്. എന്നാല്‍ ഉല്‍പ്പാദന ചിലവ്  കൂടുതലായതിനാല്‍ അമേരിക്കയ്ക്ക് ഈ വില്‌യ്ക്ക് ഏറെ നാള്‍  മുന്നോട്ട് പോകാനാകില്ലെന്നും  ഉയര്‍ന്ന വില ഈടാക്കാന്‍  നിര്‍ബന്ധിരാകുമെന്നുമാണ്  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.  അതിനാല്‍ ഏതാനും മാസം കഴിഞ്ഞാല്‍ വില ഉയര്‍ന്നു തുടങ്ങുമെന്നും 70 ഡോളര്‍ നിലവാരത്തില്‍ സ്ഥിരതയാര്‍ജിക്കുമെന്നുമാണ് വിലയിരുത്തല്‍.  അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ മുകളില്‍ പറഞ്ഞിരിക്കുന്ന പോലെ  പ്രതിസന്ധി രൂക്ഷമാകില്ല.  കുറഞ്ഞൊരു കാലത്തേയ്ക്ക് പ്രശ്‌നങ്ങളുണ്ടാകാമെങ്കിലും താമസിയാതെ സ്ഥിതി മെച്ചപ്പെടുമെന്നും കരുതാം.
എന്നാല്‍ എണ്ണവിലയിടിവ്  ഇതേപോലെ  ദീര്‍ഘകാലാടിസ്ഥാനത്തില്‍ തുടര്‍ന്നാല്‍?  അതിനുള്ള സാധ്യത പാടെ തള്ളിക്കളയാനാകില്ല. അമേരിക്കയുടേയും കാനഡയുടേയും പക്കല്‍ വന്‍ ഷെയ്ല്‍ ഗ്യാസ് ശേഖരമുണ്ട്. അത് സംസ്‌ക്കരിച്ചെടുക്കുന്നതിനുള്ള ചെലവാണ്  ഇപ്പോഴത്തെ അവരുടെ പ്രശ്‌നം. അതിന് ചെലവു കുറഞ്ഞ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അമേരിക്കന്‍ സാങ്കേതിക വിദ്യക്ക് കഴിഞ്ഞേക്കാം. അങ്ങനെയെങ്കില്‍ എണ്ണ വില ഏറെ കാലത്തേയ്ക്ക് കുറഞ്ഞു തന്നെ  നിര്‍ക്കാം. 

    പ്രശ്‌നങ്ങള്‍  ആഴത്തില്‍ മനസിലാക്കി പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടികളെടുക്കുകയും ചെയ്തില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘ്യാതങ്ങള്‍ കേരളത്തിനു നേരിടേണ്ടി വരുമെന്നതില്‍ സംശയമില്ല. ഒരിറ്റ് എണ്ണ കണ്ടെത്താനായി  കോടികള്‍ മുടക്കി വര്‍ഷങ്ങളായി  പരിവേഷണം നടത്തുന്ന കേരളത്തിന്  എണ്ണക്കടലില്‍ മുങ്ങിതാഴേണ്ട ഗതികേടു തന്നെയാകും മുന്നില്‍.   

ദുരിതതീയില്‍ ഗള്‍ഫ് മലയാളി

മാസ വാടക 50 കുവൈറ്റി ദിനാര്‍ കൂട്ടി. അതേസമയം കിട്ടുന്ന കൂലി ഓരോ മാസവും കുറഞ്ഞു വരുന്നു.ഇതുവരെ അയച്ചതിന്റെ പകുതി പണമെങ്കിലും അടുത്ത മാസം വീട്ടിലേയ്ക്ക് അയക്കാനാകുമോ ? അതോ ജോലി  നഷ്ടപ്പെട്ട് തിരിച്ചു പേകേണ്ടി വരുമോ ? 
യുഎഇയിലെ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയായ അന്‍വറിന്റെ മനസിലെ ഈ ആധി ഗള്‍ഫ് മേഖലയിലെ ലക്ഷകണക്കിനു മലയാളികള്‍ക്കിടയില്‍ പടര്‍ന്നു പിടിക്കുകയാണ്.  നിയാഖത്ത് മൂലം തിരിച്ചെത്തിയ ലക്ഷകണക്കിനു പേരെ പുനരധിവസിപ്പിക്കാനും ജീവിതമാര്‍ഗം നല്‍കാനും കഴിയാതെ വലയുകയാണ് കേരളം ഇപ്പോഴേ. അവിടെയാണ് എരി തീയില്‍ എണ്ണയൊഴിക്കുന്നതു പോലെ ഗള്‍ഫ് മാന്ദ്യഭീഷണിയുയരുന്നത്.

എണ്ണ വിലതകര്‍ച്ചയില്‍ മാന്ദ്യം ശക്തിപ്പെട്ട് കൂടുതല്‍ പേര്‍ തിരിച്ചെത്തിയാല്‍ സമൂഹത്തിനു മുന്നില്‍ വലിയൊരു ചോദ്യചിഹ്നം തന്നെയാകും അവര്‍. ഇന്നലെ വരെ ചോരനീരാക്കി  കഠിനാധ്വാനം ചെയ്ത് സംസ്ഥാനത്തേയ്ക്ക് പണമയച്ചുകൊണ്ടിരുന്ന ലക്ഷക്കണക്കിനാളുകള്‍ തൊഴിലില്ലാതെ തിരിച്ചെത്തിയാല്‍ കേരളത്തിന്റെ അവസ്ഥയെന്താകും. 

കാര്യം പറയുന്ന കണക്കുകള്‍ 

പ്രവാസികള്‍ അയക്കുന്ന പണം സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം എത്ര വലുതാണെന്നറിയാന്‍ സെന്റര്‍ പോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ചില കണക്കുകളിതാ. 2013- 14 വര്‍ഷത്തില്‍ കേരളത്തിലേയ്ക്ക് പ്രവാസികള്‍ അയച്ചത് 72680 കോടി രൂപ. ഇതിന്റെ വലിപ്പവും പ്രസക്തിയും മനസിലാക്കാന്‍ ചില കണക്കുകള്‍ കൂടിയറിയണം. സംസ്ഥാനത്തിന്റെ മൊത്തം റെവന്യൂ വരുമാനത്തിന്റെ 1.2 ഇരട്ടി വരുമിത്.  കേരളത്തിന്റെ മൊത്തം സര്‍ക്കാര്‍ ചെലവിന്റെ 1.5 ഇരട്ടിയും. കേന്ദ്രസര്‍ക്കാര്‍വിഹിതമായി കിട്ടുന്ന റവന്യൂ  വരുമാനത്തിന്റെ അഞ്ചിരട്ടിയും. സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ 60 ശതമാനം വീട്ടാന്‍ മതിയാകുമത്രേ.

  മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത് സംസ്ഥാനത്തിന്റെ  മൊത്ത ആഭ്യന്തരഉല്‍പ്പാദനത്തിന്റെ (ജിഡിപി)  20 % വും പ്രവാസികളുടെ  സംഭാവനയാണെന്നാണ്. ഇവിടുത്തെ  മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ മൂന്നിലൊന്നും  പ്രവാസി നിക്ഷേപമാണ്.

2011 ലെ കണക്കനുസരിച്ച് കേരളത്തിലെ 17 % കുടുംബങ്ങളും ഗള്‍ഫ് പണം കൊണ്ട് ജീവിക്കുന്നവരാണ്. അവര്‍ ചെലവാക്കുന്ന തുകയാണ് ഇവിടുത്തെ ബഹുഭൂരിപക്ഷം  ഷോപ്പുകളുടേയും സേവനസംരംഭങ്ങളുടേയും നിലനില്‍പ്പിനാധാരം.   
 

Post your comments