Global block

bissplus@gmail.com

Global Menu

പ്രതീക്ഷ നല്‍കുന്ന ഇന്ത്യന്‍ ഓഹരി വിപണി

ഇന്ത്യന്‍ സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ പാതയിലാണ് എന്നതിന്റെ സൂചനകള്‍ പ്രകടമാകുന്നുണ്ട്. രാജ്യത്തെ ഓഹരി സൂചികകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. വികസന മന്ത്രവുമായി അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നുണ്ട്. സര്‍ക്കാരിന്റെ കന്നി ബജറ്റ് അദ്ദേഹത്തിന്റെ വികസന സ്വപ്‌നങ്ങളെ പ്രതിഫലിപ്പിക്കുമെന്നു കരുതാം. ഇന്ത്യന്‍ സാമ്പത്തിക രംഗവും ഓഹരി വിപണിയും പ്രതീക്ഷയില്‍ തന്നെ. പണപ്പെരുപ്പം കുറയുന്നതും വ്യവസായിക ഉത്പാദനം കൂടുന്നതും വിപണിയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ആര്‍ ബി ഐ യുടെ സാമ്പത്തിക അവലോകനത്തിന് മുന്‍പ് പലിശ നിരക്ക് കുറച്ച് നടപടികള്‍ ആരംഭിച്ചതും വിപണിയ്ക്ക് കരുത്തായി. പലിശഭാരം മൂലം നട്ടം തിരിയുന്ന കമ്പനികള്‍ക്ക് പുതിയ വായ്പാ ആഗ്രഹിക്കുന്നവര്‍ക്കും അത് അനുഗ്രഹമായി. ഇത് വ്യവസായ മേഖലയ്ക്ക് തന്നെ ഉണര്‍വ്വ് നല്‍കും.
ആഗോളതലത്തില്‍ വിപണിയുടെ സാമ്പത്തിക നില മെച്ചപ്പെടുന്നുണ്ടെങ്കിലും ആശങ്കകള്‍ പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് ഉയര്‍ത്തുകയാണെങ്കില്‍ അത് മറ്റു വിപണികളില്‍ വില്‍പ്പന സമ്മര്‍ദം ഉണ്ടാക്കും. ക്രൂഡോയില്‍ വിലത്തകര്‍ച്ച ഇന്ത്യപോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഗുണകരമാകുകയും അവരുടെ സമ്പദ്ഘടനയ്ക്ക് വളര്‍ച്ചയൊരുക്കുകയും ചെയ്യും. പക്ഷെ അത് ഉത്പാദക രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. അമേരിക്കയില്‍ ഷെയ്ല്‍ ഗ്യാസ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതും ഉത്പാദക രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതും ക്രൂഡോയില്‍ വിലത്തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ക്രൂഡോയില്‍ വിലത്തകര്‍ച്ച കൂടുതല്‍ കാലം നിലനില്‍ക്കുന്നത് ഉത്പാദക രാജ്യങ്ങളെ സാമ്പത്തികമായി തകര്‍ക്കുകയും അവരുടെ കറന്‍സിയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകും. ഇത് വീണ്ടമൊരു പ്രതിസന്ധിക്കു വഴിവെയ്ക്കും. ഇന്ത്യയെ സംബന്ധിച്ചടത്തോളം ക്രൂഡോയില്‍ വിലക്കുറവ് ധനക്കമ്മി കുറയുന്നതിന് സഹായിക്കും. 
80 ശതമാനം ക്രൂഡോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. നാണയപ്പെരുപ്പം കുറയുന്നതിനും ഇതു കാരണമാകും. ഇത് പലിശനിരക്ക് കുറയുന്നതിന് ഇടയാക്കും. 2013 മെയ് മാസത്തിനു ശേഷം ആദ്യമായി റിപ്പോ നിരക്ക് കുറച്ചുകൊണ്ട് ആര്‍ ബി ഐ ഈ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഇനിയും കുറയുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇന്ത്യന്‍ ഓഹരി വിപണി സര്‍വ്വകാല ഉയരത്തില്‍ എത്തിനില്‍ക്കുന്നു. അതുകൊണ്ട് മാര്‍ക്ക് ഓവര്‍ ഡ്രാഫറ്റാണെന്ന് കരുതേണ്ട ആവശ്യമില്ല. ഇപ്പോള്‍ ഉള്ള പല നടപടികളും പ്രതിഫലിക്കുവാനും, കമ്പനികളുടെ വളര്‍ച്ച സാമ്പത്തിക വിശകലന രേഖകളില്‍ പ്രകടമാക്കുവാനും രണ്ടു മൂന്നു വര്‍ഷമെടുക്കും. ഇത് കമ്പനിയുടെ ഓഹരി വിലയില്‍ പ്രതിഫലിക്കുകയും ചെയ്യും. അതുകൊണ്ട് വിപണിയുടെ തകര്‍ച്ച അവസരമാക്കുകയാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്. 2015 നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങളും മികച്ച റിട്ടേണ്‍സും നല്‍കാനാണ് സാധ്യത. അതിനാല്‍ നല്ല പ്രമോട്ടര്‍മാരാല്‍ നയിക്കപ്പെടുന്ന മികച്ച സാമ്പത്തിക അടിത്തറയുള്ള കമ്പനികളില്‍ നിക്ഷേപിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.

കമ്പനിയുടെ പേര് അശോക് ലൈലാന്റ്
മുഖവില 1 രൂപ
വിപണി വില - 60.40 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 62 രൂപ
52 ആഴ്ചയിലെ താഴ്ന്ന് വില  14.90
പ്രതീക്ഷിത വില - 65 - 75 രൂപ വരെ

14500 കോടി രൂപയോളം വിപണി മൂല്യമുള്ള ഈ കമ്പനി പ്രധാനമായും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളും യാത്രാവാഹനങ്ങളും നിര്‍മിക്കുന്നു. ഹിന്ദുജ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന കമ്പനികളിലൊന്ന്. ടാന്‍സാമ, സിംബാവാവേ എന്നീ രാജ്യങ്ങളില്‍ നിന്ന് നല്ല ഓര്‍ഡറുകളും കമ്പനിയ്ക്ക് ലഭിക്കുന്നുണ്ട്. ആഫ്രിക്ക, നോര്‍ത്ത് അമേരിക്ക, റഷ്യ എന്നിവടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുവാനും കമ്പനി ശ്രമിക്കുന്നുണ്ട്. 

കമ്പനിയുടെ പേര് മദേഴ്‌സണ്‍ സുമി സിംസ്റ്റസ് ലിമിറ്റഡ്
മുഖവില 1 രൂപ
വിപണി വില  451 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 464.30 രൂപ
52 ആഴ്ചയിലെ താഴ്ന്ന് വില   178.25 രൂപ
പ്രതീക്ഷിത വില  490 - 530 രൂപ വരെ

സമവര്‍ദ്ധന മദേഴ്‌സണ്‍ ഗ്രൂപ്പില്‍പ്പെടുന്ന പ്രമുഖ കമ്പനികളില്‍ ഒന്നാണ് 1993 ലിസ്റ്റ് ചെയ്യപ്പെട്ട മദേഴ്‌സണ്‍ സുമി സിംസ്റ്റസ് ലിമിറ്റഡ്. വാഹനങ്ങളുടെ ഇലക്ട്രിക്ക് വയറിംഗിനുവേണ്ട സാമഗ്രികളും, മിററും നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. പ്രമുഖ വാഹന നിര്‍മാണ കമ്പനികളുമായി സഹകരിക്കുന്ന ഇവര്‍ക്ക് 25 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 

കമ്പനിയുടെ പേര്- എസ് ബി ഐ
മുഖവില 1 രൂപ
വിപണി വില  315 രൂപ
52 ആഴ്ചയിലെ ഉയര്‍ന്ന വില 327.10 രൂപ
52 ആഴ്ചയിലെ താഴ്ന്ന് വില   145.60 രൂപ
പ്രതീക്ഷിത വില  360 - 420 രൂപ വരെ
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കാണ് എസ് ബി ഐ. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയിലുള്ള എല്ലാ മാറ്റവും ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ബാങ്കിംഗ് ബിസിനസില്‍ പ്രഥമസ്ഥാനം എസ് ബി ഐ അലങ്കരിക്കുന്നു എന്നതിനാല്‍ പ്രത്യേകിച്ചും. മികച്ച രീതിയിലുള്ള നിക്ഷേപ വായ്പാ അനുപാതം ഇവര്‍ക്കുണ്ട്. പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ അറ്റനിഷ്‌ക്രിയ ആസ്തികള്‍ കുറയ്ക്കുവാന്‍ സ്വീകരിക്കുന്ന നടപടികളും ബാങ്കിന് ഗുണകരമാകും. ആര് ബി ഐ പലിശനിരക്ക് കുറയ്ക്കുന്നത് വായ്പാ വളര്‍ച്ചയ്ക്ക് സഹായകമാകും. രാജ്യത്ത് സാമ്പത്തിക ഉണര്‍വ്വ് പ്രകടമാകുന്നത് എസ് ബി ഐ അറ്റദായത്തിലൂടെയും മറ്റും പ്രതിഫലിക്കും.

 

Post your comments