Global block

bissplus@gmail.com

Global Menu

എച്ച് എൽ എൽന്റെ കേരളത്തിലെ ആദ്യ അമൃത് ഫാര്‍മസി പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: മിതമായ നിരക്കില്‍ ആരോഗ്യപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ തിരുവനന്തപുരത്ത് അമൃത് ഫാര്‍മസിയും ഹിന്ദ്‌ലാബ്‌സ് ബ്ലഡ് ഡൊണേഷന്‍ സെന്ററും ആരംഭിച്ചു.

പുലയനാര്‍കോട്ടയിലെ അമൃത് (അഫോഡബ്ള്‍ മെഡിസിന്‍സ് ആന്‍ഡ് റിലയബ്ള്‍ ഇംപ്ലാന്റ്‌സ് ഫോര്‍ ട്രീറ്റ്‌മെന്റ്) കേന്ദ്രവും ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനു സമീപത്തെ ഹിന്ദ്‌ലാബ്‌സ് ബ്ലഡ് ഡൊണേഷന്‍ സെന്ററും എച്ച്എല്‍എല്‍ സി എംഡി ശ്രീ. ആര്‍.പി. ഖണ്ഡേല്‍വാല്‍ ആണ് ഉദ്ഘാടനം ചെയ്തത്. 

മരുന്നുകള്‍, ശസ്ത്രക്രിയ ഉത്പ്പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ്, ബേബി ഫൂഡ്, സ്‌കിന്‍കെയര്‍ ഉത്പ്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ ഉല്പന്നങ്ങള്‍ക്കെല്ലാം  അമൃത് ഫാര്‍മസിയില്‍ വിപണിവിലയില്‍നിന്ന് 10 മുതല്‍ 40 ശതമാനം വരെ കിഴിവ് നല്‍കുന്നുണ്ടെന്ന് ശ്രീ. ഖണ്ഡേല്‍വാല്‍ പറഞ്ഞു. ആശുപത്രികള്‍ സൗജന്യമായി നല്‍കാത്ത എല്ലാ മരുന്നുകളും ഇംപ്ലാന്റുകളും ശസ്ത്രക്രിയ ഉത്പ്പന്നങ്ങളും വളരെ മിതമായ നിരക്കില്‍ ലഭ്യവും പ്രാപ്യവുമാക്കുകയാണ് അമൃതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുലയനാര്‍കോട്ട കോട്ടമുക്കില്‍ ചെസ്റ്റ് ഹോസ്പിറ്റലിനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റോളജിക്കും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ക്യാംപിനും എച്ച്എല്‍എല്‍ ആക്കുളം ഫാക്ടറിക്കും എച്ച്എല്‍എല്‍ ആര്‍ ആന്‍ഡ് ഡിക്കും സമീപമാണ് ഫാര്‍മസി.
ആരോഗ്യമന്ത്രാലയത്തിന്റെ സുപ്രധാന പദ്ധതിയായ അമൃത് എച്ച്എല്‍എല്ലിലൂടെയാണ് നടപ്പാക്കപ്പെടുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പദ്ധതിയിലൂടെ രാജ്യത്തുടനീളമുള്ള പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുവിതരണത്തിനായി ഫാര്‍മസികള്‍ സ്ഥാപിച്ചുവരികയാണ്.

Post your comments