Global block

bissplus@gmail.com

Global Menu

കേരളത്തിലെ കായല്‍യാത്ര ആസ്വദിക്കാം ഡല്‍ഹിയിലിരുന്നുകൊണ്ട്

തിരുവനന്തപുരം: കേരളത്തിലെ കായല്‍യാത്ര ഇനി ഡല്‍ഹി, മുംബൈ, ബംഗലൂരു വിമാനത്താവളങ്ങളിലിരുന്നും ആസ്വദിക്കാം. ഇവിടങ്ങളിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളില്‍  'ഗ്രേറ്റ് ബാക്ക്‌വാട്ടര്‍ എക്‌സ്പീരിയന്‍സ് സോണ്‍' എന്ന പേരില്‍ വിര്‍ച്വല്‍ റിയാലിറ്റി സംവിധാനമുള്ള സ്റ്റാളുകള്‍ ഏര്‍പ്പെടുത്തി കേരള ടൂറിസമാണ് ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹി വിമാനത്താവളത്തില്‍ ഈ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമായി. 2000 കിലോമീറ്റര്‍ അകലെയിരുന്നു സന്ദര്‍ശകര്‍ക്ക് കെട്ടുവള്ളത്തിലിരിക്കുന്നതോ, നാടന്‍ വഞ്ചിയിലിരിക്കുന്നതോ ആയ അനുഭങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കമ്പ്യൂട്ടര്‍ ഭാവനാ ലോകത്തിലൂടെ (വിര്‍ച്വല്‍ റിയാലിറ്റി) സാധിക്കും.

ഒരേസമയം ആറ് ക്യാമറകള്‍ ഉപയോഗിച്ച് 360 ഡിഗ്രി സാങ്കേതികവിദ്യയിലൂടെ ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളിലൂടെയാണ് കേരളത്തിന്റെ കായലുകള്‍ സന്ദര്‍ശകര്‍ക്കുമുന്നില്‍ എത്തിച്ചിരിക്കുന്നത്.

സന്ദര്‍ശകര്‍ക്ക് നല്‍കുന്ന 'ഒക്കുലസ് റിഫ്റ്റ് വിആര്‍ ഹെഡ്‌സെറ്റ്' ഉപയോഗിച്ച് ഇത് അനുഭവവേദ്യമാകും. സോണില്‍ ഒരുക്കിയിട്ടുള്ള യഥാര്‍ഥ വലിപ്പത്തിലുള്ള ഹൗസ്‌ബോട്ട് ഇന്‍സ്റ്റലേഷനിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ ഈ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് ധരിക്കുമ്പോള്‍ കായലോളങ്ങള്‍,അസ്തമയം, പക്ഷികള്‍, മത്സ്യങ്ങള്‍, സസ്യമൃഗാദികള്‍ എന്നിവയുടെ അത്ഭുതലോകത്തിലെത്തും.

ബ്രാന്‍ഡ് കേരള പ്രചരിപ്പിക്കാനായി ടൂറിസം വകുപ്പിന്റെ 'ഔട്ട് ഓഫ് ഹോം' ആക്റ്റിവിറ്റിയുടെ ഭാഗമായി തുടങ്ങിയ സംരംഭം ആഭ്യന്തര ടൂറിസ്റ്റുകളിലെ ഉയര്‍ന്ന സാമ്പത്തിക ശ്രേണിയിലുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഡല്‍ഹി വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലില്‍ തുടങ്ങിയ ആദ്യ വിര്‍ച്വല്‍ അനുഭവസോണ്‍ ബംഗലൂരു, മുംബൈ വിമാനത്താവളങ്ങളിലും സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ് 

Post your comments