Global block

bissplus@gmail.com

Global Menu

കേരളം നവംബർ ഒന്നിന് സമ്പൂർണ ഒ ഡി എഫ്

തിരുവന്തപുരം  : ഒന്നേമുക്കാൽ ലക്ഷം പുതിയ ശുചി മുറികളുടെ നിർമാണം കൂടി പൂർത്തിയാക്കി  ഇന്ത്യയിലെ ആദ്യത്തെ  സമ്പൂർണ വെളിയിട  വിസർജ്യമുക്ത സംസ്ഥാനമായി കേരളം മാറുന്നു . നവംബർ ഒന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളത്തെ സമ്പൂർണ ഒ ഡി എഫ്  സംസഥാനമായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ . കെ റ്റി ജലീൽ അറിയിച്ചു .

കേന്ദ്രസർക്കാരിന്റെ  ഈ പദ്ധതി മൂന്നുമാസം കൊണ്ടാണ് കേരളം വിജയകരമായി നടപ്പാക്കിയത് . ജനുവരി ഒന്നിനകം സംസ്ഥാനത്തെ നഗര പ്രദേശങ്ങളും സമ്പൂർണ വെളിയിട വിസർജ്യ മുക്ത പ്രദേശങ്ങളായി മാറുമെന്നും മിക്ക മുനിസിപ്പാലിറ്റികളും ഇതിനോടകം ഒ ഡി എഫ് പ്രഖ്യാപനം നടത്തിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. പ്രഖ്യാപന ചടങ്ങുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തിയ ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി . 

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് ലഭ്യമാക്കാൻ സാധിക്കുമെന്നും വികസനപാതയിൽ അത് വലിയ മുതൽ കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു . പ്രഖ്യാപനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത് . ശുചിത്വത്തെ ആസ്പദമാക്കി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഇന്ദ്രജാല പ്രകടനം നടത്തും .

പ്രഖ്യാപനചടങ്ങിന് വേദിയാകുന്നതിലൂടെ തലസ്ഥാന നഗരത്തിന് അഭിമാനകരമായ അവസരമാണ് വന്നിരിക്കുന്നതെന്ന് യോഗത്തിൽ സംബന്ധിച്ച വൈദ്യുതി മന്ത്രി കടകംപള്ളി  സുരേന്ദ്രൻ പറഞ്ഞു . പദ്ധതിയുടെ ഗുണഭോക്താക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തി പതിനായിരത്തിലധികം പേർ പങ്കെടുക്കുന്ന അവിസ്മരണീയമായ ചടങ്ങാക്കി ഇത് മാറ്റുന്നതിന് ജില്ലയിലെ ത്രിതല പഞ്ചായത്ത്, കോർപ്പറേഷൻ പ്രതിനിധികളും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു . 

Post your comments