Global block

bissplus@gmail.com

Global Menu

അഞ്ച് കോടിയിലധികം ലാഭമുണ്ടോ? നല്കഅണം 2% സമൂഹത്തിന്

കമ്പനിക്ക് അഞ്ചു കോടി രൂപയിലധികം ലാഭമുണ്ടോ, എങ്കില്‍ അതിന്റെ രണ്ടു ശതമാനം സമൂഹത്തിനായി നീക്കിവെയ്ക്കണം.  500 കോടി രൂപയിലധികം വരുമാനമോ  1000 കോടിയില്‍ കൂടുതല്‍ ആസ്തിയോ ഉള്ള കമ്പനികളും  നേടുന്ന ലാഭത്തിന്റെ രണ്ടു ശതമാനം കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റിക്ക് അഥവാ സിഎസ്ആറിന്  നീക്കിവെയ്ക്കണം.  ഇന്ത്യയില്‍  2014 ഏപ്രിലില്‍  നിലവില്‍ വന്ന  കമ്പനി നിയമം 2013 നിഷ്‌ക്കര്‍ഷിക്കുന്ന ചട്ടമാണിത്. ലോകത്ത് ആദ്യമായി സി എസ് ആര്‍ ധനവിനിയോഗം സംബന്ധിച്ച് നിയമം നിര്‍മ്മിച്ച  രാജ്യമാണ് ഇന്ത്യ.

കോര്‍പറേറ്റ് കമ്പനികള്‍ക്ക് അവര്‍ നിലനില്‍ക്കുന്ന സമൂഹത്തിലെ ജനങ്ങളോടുള്ള സാമൂഹികവും മാനുഷികവുമായ ഉത്തരവാദിത്തത്തെയാണ്  സിഎസ്ആര്‍ എന്ന മൂന്നക്ഷരം പ്രതിനിധാനം ചെയ്യുന്നത്.  ആഗോളതലത്തില്‍ ഇപ്പോള്‍ ഇതിന്റെ പ്രസക്തി വര്‍ധിച്ചുവരുകയാണ്.  1960 കളില്‍ ഉത്ഭവിച്ചെങ്കിലും കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലാണ്  ഇതിന്  സാര്‍വ്വ ദേശീയമായ അംഗീകാരവും ജനശ്രദ്ധയും കൈവന്നത്. ഉയര്‍ന്ന വരുമാനവും വമ്പിച്ച ലാഭവും ഉണ്ടാക്കുന്ന ബഹുരാഷ്ട്ര കമ്പനികളും, വ്യാപാര  ശൃംഖലകളും ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു ചെറു ശതമാനമെങ്കിലും സാമൂഹ്യ നന്മക്കായി വിനയോഗിക്കുവാന്‍ ബാധ്യസ്തരാണെന്ന്  ഇത് പറയുന്നു.

ആഗോളവത്ക്കരണാനന്തര കാലഘട്ടത്തിലാണ് സിഎസ്ആറിന് കൂടുതല്‍ പ്രചാരമുണ്ടായത്.  ഉദാരവത്ക്കരണത്തിന്റെ  മുഖ്യഗുണഭോക്താക്കള്‍  ബഹുരാഷ്ട്ര കമ്പനികളാണല്ലോ. പുത്തന്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ ഇവ വളര്‍ച്ചയുടെ ഉയരങ്ങള്‍ കീഴടക്കി. സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളെ നിഷ്പ്രഭമാക്കുന്ന തരത്തില്‍  കോര്‍പറേറ്റുകള്‍ ശക്തി വര്‍ദ്ധിപ്പിച്ചു. ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് വേണ്ടത്ര ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും മഹാഭൂരിപക്ഷവും അവരുടെ നിയന്ത്രണത്തിലാണ്. ഏറ്റവും വലിയ വ്യപാര ശൃംഖലയായ വാള്‍മാര്‍ട്ടാണ് അമേരിക്കയുടെ മൊത്തം ഇറക്കുമതിയുടെ 11 % നിയന്ത്രിക്കുന്നത്. കോര്‍പ്പറേറ്റുകളുടെ സ്വാധീന ശക്തി എത്രത്തോളമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.  ഇന്ത്യയിലെ വലിയ 100 കമ്പനികളുടെ മൊത്തം വില്‍പ്പന 1990-91 ല്‍ 1,30,448 കോടി രൂപയുടേതായിരുന്നത്  2004-05 9,76,419 കോടി രൂപയായി ഉയര്‍ന്നു. ഇവയുടെ മൊത്ത ലാഭമാകട്ടെ 6885 കോടിയില്‍ നിന്ന് 91,552 കോടി രൂപയായി .  ആഗോള മാന്ദ്യത്തിലും ഇന്ത്യന്‍ കോര്‍പ്പേറ്റുകള്‍ ലാഭം  മെച്ചപ്പെടുത്തി. 

 ആഗോളവത്ക്കരണം ശാസ്ത്രലോകത്തുണ്ടാക്കിയ നേട്ടങ്ങളേയും വിവര സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളേയും  ആര്‍ക്കും നിഷേധിക്കാനാകില്ല.  പക്ഷേ ഒരു ചെറു ന്യൂനപക്ഷമായിരുന്ന  ധനികര്‍ ആഗോളവത്ക്കരണത്തെ തുടര്‍ന്ന്   കൂടുതല്‍ ധനികരാകുന്നതും മറുവശത്ത്  താഴെ തട്ടില്‍ തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ദരിദ്ര്യരാകുന്നതുമാണ്  ലോകം കണ്ടത്.സമ്പദ് കുമിഞ്ഞുകൂട്ടുന്ന കോര്‍പ്പറേറ്റുകള്‍ സമൂഹത്തിന്റെ താഴെക്കിടയിലുള്ള ബഹുഭൂരിപക്ഷത്തിന്  എന്തു നേട്ടമാണുണ്ടാക്കുന്ന ചോദ്യം ഉയരുന്നത് ഇവിടെയാണ്. സമൂഹത്തിന്റെ മേല്‍ത്തട്ടിലെ വികസനത്തിന്റെ നേട്ടങ്ങള്‍ ക്രമേണ താഴെ തട്ടിലേക്ക് കിനിഞ്ഞിറങ്ങുമെന്ന് മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് വാദിക്കാം.  എന്നാല്‍ നേട്ടങ്ങളുടെ മറുവശത്ത് ആഗോളവല്‍ക്കരണത്തിന് ഒരു കറുത്ത മുഖമുണ്ടെന്നും അതിന് മാനുഷികമായ ഒരു മുഖം പ്രദാനം ചെയ്യേണ്ടത് അത്യാവശ്യമാണെന്നു  കോര്‍പ്പറേറ്റ് ലോകം തിരിച്ചറിഞ്ഞു. ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യക്ഷേമ നടപടികള്‍ക്കും മുന്നോട്ടു വരേണ്ടതാണെന്ന ബോധം   അവര്‍ക്കുണ്ടായി. അതിന്റെ ഫലമായാണ് സിഎസ്ആറിന്  അംഗീകാരം കൈവന്നത്. വ്യവസായ മലനീകരണവും  ബന്ധപ്പെട്ട സാമൂഹ്യപ്രശ്‌നങ്ങളും  പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം കഷ്ടതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെ സഹായ ഹസ്തം നീട്ടുവാനും കമ്പനികള്‍ ചെറിയ തോതിലെങ്കിലും മുന്നോട്ട് വരുന്നത്.

ഇന്ന് മിക്ക കമ്പനികളും മാനവശേഷി വികസന, പൊതു ജനസമ്പര്‍ക്ക വിഭാഗങ്ങളോടുനുബന്ധിച്ച്  സി എസ്ആറും ഉള്‍പ്പെടുത്തുന്നു.  പൊതുവെ കടഛ 2600  ആണ് സിഎസ്ആറിന്റെ ആഗോള നിലവാര സൂചികയായി അംഗീകരിച്ചിരിക്കുന്നത്.  എങ്കിലും  അന്താരാഷ്ട്ര തലത്തില്‍  പൊതു സമീപനമോ മാനദണ്ഡങ്ങളോ  ഇനിയും രൂപപ്പെട്ടിട്ടില്ല. വിവിധ രാജ്യങ്ങള്‍ വിവിധ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. സിഎസ്ആറിന്റെ മോണ്‍ട്രിയാല്‍ സ്‌കൂള്‍ (കാനഡ) യൂറോപ്യന്‍ താത്പര്യങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. ചൈന  ഉത്പന്നങ്ങളുടെ ആരോഗ്യപരമായ സുരക്ഷയ്ക്കും ഗുണമേന്മയ്ക്കും ഊന്നല്‍ നല്‍മ്പോള്‍ ജര്‍മ്മന്‍ ജനത തൊഴില്‍ സുരക്ഷയിലാണ്  ശ്രദ്ധിക്കുന്നത്. ദക്ഷിണാഫ്രിക്ക പോലുള്ള  അവികസിത സമൂഹങ്ങളെ സംബന്ധിച്ച് സി എസ് ആറിന്റെ പ്രസക്തി കമ്പനികള്‍ നല്‍കുന്ന ആരോഗ്യസുരക്ഷ പദ്ധതി, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ധനസഹായം, പോഷകഹാരം ലഭ്യമാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു.  എന്‍ ജി ഒകളുടെ സഹായത്തോടെ കല, സംസ്‌കാരം, വിദ്യാഭ്യാസം, ഭവന നിര്‍മാണം,  ചികിത്സാരംഗം, സ്‌പോര്‍ട്‌സ് തുടങ്ങിയ രംഗങ്ങളില്‍  മാതൃക പ്രവര്‍ത്തനം നടത്തുന്ന കമ്പനികളുമുണ്ട്. അസീം പ്രേംജി ഫൗണ്ടേഷന്‍ പോലെ നിരവധി പ്രസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. പലകമ്പനികളും വാര്‍ഷിക റിപ്പോര്‍ട്ടില്‍  സി എസ് ആര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രസീദ്ധീകരിക്കുന്നു. ആഗോളതലത്തില്‍ നിയമാവലിയില്ലെങ്കിലും പല  രാജ്യങ്ങളും  ഈ രംഗത്ത് ചില ചുവടുകള്‍ വെച്ചിട്ടുണ്ട്.

 വര്‍ഷം 22000 കോടി സമൂഹത്തിലേയ്ക്ക് 

കമ്പനികളുടെ ലാഭത്തിന്റെ 2% കൊണ്ട് എന്തു ചെയ്യാനാകും എന്ന ചോദ്യം ഇവിടെയുയര്‍ന്നേക്കാം. സ്വന്തം  കമ്പോള സ്വാധീനം മെച്ചപ്പെടുത്താനും ജനസമ്മിതി വര്‍ധിപ്പിക്കാനുമുള്ള പരിപാടികളാവും കോര്‍പ്പറേറ്റുകള്‍ നടത്തുകയെന്നും  സമൂഹത്തിന് അതുകൊണ്ട്  നേട്ടമുണ്ടാകില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്്. കോര്‍പറേറ്റ് കാര്യങ്ങള്‍ക്കായുള്ള  കേന്ദ്രമന്ത്രാലയത്തിന്റെ കണക്കുപ്രകാരം സി എസ് ആര്‍ നിയമത്തിന് വിധേയരാകേണ്ട 16000 കമ്പനികളുണ്ട് ഇന്ത്യയില്‍.  അതനുസരിച്ച് ഒരു വര്‍ഷം 19000 -22000 കോടി രൂപയോളം സി എസ് ആര്‍ ബജറ്റായി വരും. ഈ തുക ചെറുതല്ല . പക്ഷേ  പണം  തുക പൂര്‍ണ്ണമായും ചെലവഴിക്കുന്നുണ്ടൊ, ക്രിയാത്മകമായിട്ടാണോ വിനയോഗിക്കുന്നത് എന്നിവയുറപ്പാക്കണം.   സര്‍ക്കാരും സന്നദ്ധ സംഘടനകളും പൗരസമൂഹവും  പ്രസ്ഥാനങ്ങളും ശ്രദ്ധാപൂര്‍വ്വം പ്രവര്‍ത്തിച്ചാലെ അത് പ്രാവര്‍ത്തികമാകു.

സി എസ് ആര്‍ ബജറ്റില്‍  മുന്നിലുള്ള  100 കമ്പനികളെ ബിഎസ്ഇ 500 പട്ടികയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് സംഹിത സോഷ്യല്‍ വെന്‍ഞ്ച്വര്‍ എന്ന സംഘടന നടത്തിയ പഠനത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് നിര്‍ണായകമായ സഹായങ്ങളാണ് കോര്‍പറേറ്റുകള്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുന്നു.  വിദ്യാഭ്യാസ അവകാശ നിയമം നിലവിലുണ്ടെങ്കിലും കേരളം പോലുള്ള ചില സംസ്ഥാനങ്ങളൊഴിച്ച് വിദ്യാഭ്യാസ രംഗത്ത് അസമത്വവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പ്രാപ്യതക്കുറവും വളരെ കൂടുതലാണ്.  അതിനാല്‍ ഈ രംഗത്ത് കോര്‍പറേറ്റുകളുടെ ഇടപെടലിനുള്ള സാധ്യതയും കൂടുതലാണ്.  പഠനത്തിന് വിധേയമാക്കിയ 100 കമ്പനികള്‍ 78 ഉം വിദ്യാഭ്യാസ മേഖലയുടെ ബഹുമുഖമായ വികസനത്തിന് സഹായം നല്‍കുന്നു. 2011 മുതല്‍  2014  വരെ 311 പ്രോഗ്രാമുകള്‍ ഈ കമ്പനികള്‍ നടത്തി. 11 മുഖ്യ ഇനങ്ങളിലാണിത്.  ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ , സ്‌കോളര്‍ഷിപ്പു അടക്കമുള്ള ധനസഹായം നല്‍കല്‍ എന്നിങ്ങനെ രണ്ട് മുഖ്യ വിഭാഗങ്ങളിലായാണ് സേവനം.  പഠന വിധേയമായ  കമ്പനികള്‍ സിഎസ്ആറിന്റെ എത്ര ശതമാനം ഓരോന്നിനും ചെലവാക്കിയെന്നത് പട്ടികയായി കൊടുത്തിരിക്കുന്നു.

സി എസ് ആര്‍ ഏറെ പ്രസക്തമായ മറ്റൊരു മേഖല ഖനനമാണ്. മൈനിംഗ് കമ്പനികള്‍ ആഗോള തലത്തില്‍ സി എസ് ആറിനായി  പ്രത്യേക പ്രസ്ഥാനം തന്നെ രൂപീകരിച്ചിട്ടുണ്ട്.  വ്യവസായം,  ഖനനം ആരോഗ്യം, ഔഷധ നിര്‍മാണം, ഭക്ഷ്യ ഉത്പന്ന നിര്‍മാണം,  കാര്‍ഷിക ഉത്പന്നങ്ങളായ വിത്ത് വളം കീടനാശിനി, തുടങ്ങിയ മേഖകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ സി എസ് ആര്‍ അവലോകന വിധേയമാക്കേണ്ടതാണ്. സര്‍ക്കാരും സന്നദ്ധ സംഘടനകളും പൗര സമൂഹവും സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടും മാത്രമെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളുടെ ഗുണഫലം കൂടുതല്‍ കാര്യക്ഷമമായി പൊതുജനങ്ങള്‍ക്ക് നല്‍കുവാന്‍ സാധിക്കു.

 

കോര്‍പറേറ്റ് പ്രവര്‍ത്തനം - വിഭ്യാഭ്യാസ മേഖലയില്‍ കമ്പനികള്‍ ശതമാനത്തില്‍

അ            ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍                                                            കമ്പനികള്‍

1                              ഭൗതിക സൗകര്യ വികസനം, ഉപകരണങ്ങള്‍ നല്‍കല്‍                                        54

2                              പരിഹാര പഠന സമ്പ്രദായം                                                                         29

3                              സ്‌കൂള്‍ മാനേജ്‌മെന്റ് / ഭരണം                                                                     29

4                              പ്രാഥമിക ശിശു വിദ്യാഭ്യാസം                                                                      17

5                              ശേഷി വികസന പരിശീലനം                                                                         15

6                              കരിക്കുലം പരിഷ്‌കരണം                                                                            13

7                              അടിസ്ഥാന പഠന വ്യവസ്ഥയില്‍ ഗുണപരമായ മാറ്റം                                         9

 

ആ    സ്‌കോളര്‍ഷിപ്പും ധന സഹായവും

8                              കുട്ടികള്‍ക്ക് നേരിട്ടുള്ള ധനസഹായം                                                              53

9                              കുട്ടികളുടെ ശേഷി വികസന പരിശീലനം                                                        42

10                           ആരോഗ്യ പോഷണ പദ്ധതികള്‍                                                                       29

11                           രക്ഷകര്‍ത്താക്കള്‍ക്കുള്ള ബോധവത്ക്കരണം                                                        8

Post your comments