Global block

bissplus@gmail.com

Global Menu

എച്ച്.എല്‍.എല്‍ ഗര്‍ഭനിരോധന ഉറകള്‍ മൂന്ന് രാജ്യങ്ങളിലേക്ക്

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ കയറ്റുമതി ചെയ്യാനൊരുങ്ങുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളായ ബുര്‍ക്കിന ഫാസോ, ഗാംബിയ, കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലേക്കാണ് സ്ത്രീകള്‍ ഉപയോഗിക്കുന്ന 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ നല്‍കാന്‍  എച്ച്.എല്‍.എല്‍ ലൈഫ്‌കെയറിന് ഓര്‍ഡര്‍ ലഭിച്ചത് .

  ആംസ്റ്റര്‍ഡാം ആസ്ഥാനമായ ഐഡിഎ ഫൗണ്ടേഷന്‍ വഴിയാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍-ന് ഈ കരാര്‍ ലഭിച്ചത്. വികസ്വര രാജ്യങ്ങള്‍ക്ക് ഗുണനിലവാരമുള്ള അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും മറ്റും വിതരണം ചെയ്യുന്ന ആഗോള സന്നദ്ധ സംഘടനയാണ് ഐഡിഎ.

സ്വാഭാവിക റബ്ബര്‍ അധിഷ്ഠിതമായ സ്ത്രീകള്‍ക്കുള്ള ഗര്‍ഭനിരോധന ഉറകള്‍ എച്ച് എല്‍ എല്‍ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. പ്രതിവര്‍ഷം 25 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ആഗോള നിലവാരത്തിലുള്ള ശാലയിലാണ് ഇവ നിര്‍മ്മിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ അംഗീകൃത വിതരണക്കാരെന്ന യോഗ്യത കഴിഞ്ഞ മാര്‍ച്ചില്‍ നേടിയെടുത്തശേഷം ലഭിക്കുന്ന ആദ്യ ഓര്‍ഡറാണിതെന്ന് എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശ്രീ ആര്‍.പി.ഖണ്‌ഡേല്‍വാല്‍ പറഞ്ഞു. സ്ത്രീകളുടെ ഗര്‍ഭനിരോധന ഉറകള്‍ നല്‍കുന്നതിന് ഐഡിഎയുടെ യോഗ്യത കൈവരിച്ചിട്ടുള്ള സ്ഥാപനമാണ് എച്ച്എല്‍എല്‍. 

ആഗോളാടിസ്ഥാനത്തില്‍ ഈ ഉറകള്‍ വിതരണം ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കരാര്‍. ഭാവിയിലും ഇത്തരം ഓർഡറുകള്‍ എച്ച്എല്‍എല്ലിനു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 

എച്ച് എല്‍ എല്‍ നിര്‍മ്മിക്കുന്ന സ്ത്രീകളുടെ ഗര്‍ഭനിരോധന ഉറകള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെയും സൗത്ത് ആഫ്രിക്കയുടെയും അംഗീകാരം ലഭിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷം കാലാവധിയുള്ള ഈ ഉറകള്‍ പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന ഉറകള്‍ പോലെ പ്രവര്‍ത്തനക്ഷമവും വിശ്വാസയോഗ്യവുമാണ്.

Post your comments