Global block

bissplus@gmail.com

Global Menu

വിനോദസഞ്ചാര മേഖലയിലെ വ്യവസായികള്‍ക്ക് പൂര്‍ണ്ണസഹകരണം ഉറപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര വികസനത്തിന്  ഈ മേഖലയിലെ വ്യവസായികള്‍ക്ക്  ടൂറിസം മന്ത്രി എ.സി. മൊയ്തീന്‍ പൂര്‍ണസഹകരണം വാഗ്ദാനംചെയ്തു. തിരുവനന്തപുരത്തു വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വ്യവസായികള്‍ക്ക് മന്ത്രിയുടെ ഉറപ്പ് ലഭിച്ചത്.

സംസ്ഥാനത്തിന്റെ വരുമാനവും തൊഴിലവസരങ്ങളും  വര്‍ദ്ധിപ്പിക്കുന്നതില്‍ വിനോദസഞ്ചാര വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി പുതിയ സര്‍ക്കാരിന് പൂര്‍ണ്ണബോധ്യമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതു കണക്കിലെടുത്ത് വ്യവസായത്തിന്റെ വളര്‍ച്ച സാധ്യമാക്കുന്നതിന് പങ്കാളികള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. 

ടൂറിസം പദ്ധതികളുടെ അംഗീകാരത്തിനും നിര്‍വഹണത്തിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം  മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ധനകാര്യമന്ത്രിയും ടൂറിസം വ്യവസായത്തിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവാനാണെന്നും അദ്ദേഹത്തിന്റെ വകുപ്പിന്റെ പൂര്‍ണ്ണസഹകരണം ലഭ്യമാക്കുമെന്ന് ഉറപ്പുതന്നതായും മന്ത്രി മൊയ്തീന്‍ പറഞ്ഞു.

ഇന്ത്യ സന്ദര്‍ശിക്കുന്ന സൗദി പൗരന്‍മാര്‍ക്ക് ബയോമെട്രിക് പരിശോധന ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രിക്ക് കത്തയച്ചതായി മന്ത്രി അറിയിച്ചു. കേരളത്തിലേക്കുള്ള സൗദി വിനോദസഞ്ചാരികളുടെ വരവിനെ കേന്ദ്രതീരുമാനം ബാധിച്ചേക്കുമെന്നതിനാലാണിത്. 

സംസ്ഥാനത്താകെയും, വിശേഷിച്ച് മലബാര്‍ മേഖലയിലുള്ളതുമായ അധികം അറിയപ്പെടാത്ത വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിന് ശ്രദ്ധ നല്‍കും. സംസ്ഥാനത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പുതിയ ആശയങ്ങള്‍ വരുംദിവസങ്ങളില്‍ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Post your comments