Global block

bissplus@gmail.com

Global Menu

മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസം ഗവേഷണാധിഷ്ഠിതമാക്കാൻ ആഹ്വാനം

തിരുവനന്തപുരം: നരുവാംമൂട് ട്രിനിറ്റി എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് അന്താരാഷ്ട്ര സമ്മേളനം, സാമൂഹിക പുരോഗതിക്കുതകുന്ന പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടി മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗം ഗവേഷണാധിഷ്ഠിതമാകണമെന്ന് വിലയിരുത്തി. 

ദീര്‍ഘദൂര യാത്രയില്‍ ഡ്രൈവര്‍മാരെ ഉറക്കത്തിലേയ്ക്ക് വഴുതി വീഴാതെ ഊര്‍ജ്ജ്വസ്വലരായി തുടരുവാന്‍ ഒരു പ്രത്യേക മോഡുലേഷനില്‍ ചിട്ടപ്പെടുത്തിയ സംഗീതം കൊണ്ട് സാധിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന മലേഷ്യന്‍ ടെക്നോളജി യൂണിവേഴ്സിറ്റിയിലെ മേധാവിയായ ഡോ. വെള്ളിയപ്പന്‍ ഡേവിഡ് നടരാജന്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. കുട്ടികളെ ഉറക്കാന്‍ താരാട്ടു പാട്ടുകള്‍ ഉള്ളതുപോലെ സംഗീതത്തില്‍ പോലും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഉണ്ട്. ബയോ മെഡിക്കല്‍ ഗവേഷണങ്ങളും സാങ്കേതികവിദ്യായും സാമൂഹിക പുരോഗതിയ്ക്കും, നന്മയ്ക്കുംവേണ്ടി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടുദിനം നീണ്ടുനിന്ന സമ്മേളനത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ പഠന പദ്ധതികളുടെ പ്രോട്ടോ ടൈപ്പ് പ്രദര്‍ശനമേളയും സംഘടിപ്പിച്ചിരുന്നു. മൈക്രോവേവ് സാറ്റലൈറ്റുകളുടെ സഹായത്തോടെ ഏറ്റവും ഉള്‍പ്രദേശങ്ങളുടെ പോലും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കേരളത്തിന്‍റെ ഭൂപ്രകൃതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് "ടെറൈന്‍ മാംപിങ്" മെച്ചപ്പെടുത്താനാകുമെന്ന് ദേശീയ ഭൗമശാസ്ത്രവകുപ്പ് മേധാവി ഡോ. കെ.കെ. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കോളേജ് തലങ്ങളില്‍ തന്നെ ശാസ്ത്രഗവേഷണങ്ങള്‍ സംരംഭകങ്ങളാകാന്‍ കഴിയണമെന്ന് കിറ്റകോ പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്‍റ് ഡോ.കെ.സി. ചന്ദ്രശേഖരന്‍ പറഞ്ഞു. 

വിദ്യാഭ്യാസകാലഘട്ടത്തില്‍ തന്നെ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ എന്‍ജീനിയറിംഗ് ഗവേഷണങ്ങള്‍ ഉണ്ടാകണമെന്ന് വേസ്റ്റ് മാനേജ്മെന്‍റ് പോലെയുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രിനിറ്റി കോളേജ് സ്ട്രാറ്റജിക് ഡയറക്ടര്‍ അരുണ്‍ സുരേന്ദ്രന്‍ പറഞ്ഞു. ഡോ. രമേഷ് ബാബു പ്രബന്ധം അവതരിപ്പിച്ചു.

Post your comments