Global block

bissplus@gmail.com

Global Menu

മൊബൈൽ ഫോണുകളിൽ സൗജന്യ ടിവി സേവനവുമായി ദൂർദർശൻ

ന്യൂഡൽഹി : അനുദിനം വളർന്ന് വരുന്ന സ്മാർട്ട്‌ ഫോൺ ഉപഭോക്താക്കളെ ലക്ഷ്യം വച്ച് ദൂർദർശൻ സൗജന്യ ടി.വി സേവനങ്ങൾ തുടങ്ങി. നാല് മെട്രോകളിൽ ഉൾപ്പെടെ 16 നഗരങ്ങളിലായിട്ടാണ് ദൂർദർശൻ ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഫെബ്രുവരി 25 മുതൽ ദൂർദർശന്റെ ഡിജിറ്റൽ  ടെറസ്ട്രിയൽ ടെലിവിഷൻ  സേവനം വഴി നഗരങ്ങളിൽ ഉപഭോക്താക്കൾക്ക് മൊബൈൽ ടി.വി  ലഭിച്ചു തുടങ്ങി.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗുവാഹത്തി, പട്ന, റാഞ്ചി, കട്ടക്ക്, ലക്നൗ, ജലന്ധർ, റായ്പൂർ, ഇൻഡോർ, ഔറംഗബാദ്, ഭോപ്പാൽ, ബാംഗ്ലൂർ, അഹമ്മദാബാദ് തുടങ്ങിയ 16 നഗരങ്ങളിലാണ് ദൂരദർശന്റെ ഈ സേവനം ലഭിക്കുന്നത്.

ദൂരദർശന്റെ മൊബൈൽ ടിവി  ലഭ്യമാക്കുന്നതിന് ഉപഭോക്താക്കൾ ഡിവിബി -റ്റി 2 ഡോംഗിളുകൾ സ്മാർട്ട്‌ ഫോണുകളിൽ ഘടിപ്പിക്കേണ്ടതാണ്. ഒടിജി ലഭ്യമായ സ്മാർട്ട്‌ ഫോണുകളിലും ടാബ്ലെറ്റുകളിലും മാത്രമാണ് ഇത് പ്രവർത്തിക്കുക. വാഹനങ്ങളിൽ വൈഫൈ ഡോംഗിളുകൾ ഉപയോഗിച്ചും ദൂർദർശന്റെ  മൊബൈൽ ടിവി ലഭ്യമാക്കാൻ സാധിക്കുന്നതാണ്. ഡിവിബി-ടി2 ട്യൂണർ അഥവാ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ടിവി (ഐഡിടിവി )എന്നിവ ഉള്ള ടി വി  സെറ്റുകളിൽ  ഈ സേവനം ലഭിക്കുന്നതാണ്.

നിലവിൽ ഐഡിടിവി സിസ്റ്റം സോണി, എൽ.ജി, പാനാസോണിക്, സാംസങ് എന്നിവയിൽ ലഭ്യമാണ്. കൂടാതെ മേൽ പറഞ്ഞ ഡോംഗിളുകൾ ഉപഭോക്താക്കൾക്ക് ഓൺലൈൻ വഴി വാങ്ങാവുന്നതാണ്.

ഡോംഗിളുകൾ ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ മൊബൈൽ ടിവി ലഭ്യമാകാൻ ആവശ്യമായ സോഫ്റ്റ്വെയർ  ഉപഭോക്താക്കൾ  സ്മാർട്ട്‌ ഫോണുകളിലും ടാബ്ലറ്റുകളിലും ഡൗൺലോഡ് ചെയ്യേണ്ടതാണ്.

ഒരിക്കൽ സോഫ്റ്റ്വെയറുകൾ  ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ പിന്നെ മൊബൈൽ ടിവി കാണാൻ  ഇന്റർനെറ്റിന്റെ ആവശ്യം വരുന്നില്ല. ഡിഡി  ചാനൽ കാണുന്നതിന്  യാതൊരു വിധ തുകയും ഈടാക്കുന്നതല്ല. നിലവിൽ ഡിഡി നാഷണൽ, ഡിഡി ന്യൂസ്‌, ഡിഡി ഭാരതി, ഡിഡി സ്പോർട്സ്, ഡിഡി റീജിയണൽ, ഡിഡി കിസാൻ തുടങ്ങിയ ചാനലുകളാണ് മൊബൈൽ ടിവി യിൽ ലഭ്യമാക്കുന്നത്.

Post your comments