Global block

bissplus@gmail.com

Global Menu

സംസ്ഥാനത്ത് ഡയറക്ട് സെല്ലിംഗ് മേഖല 2025 ഓടെ 20 ബില്ല്യൺ രൂപയാകും

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിൽ രാജ്യത്തെ ഡയറക്ട് സെല്ലിംഗ് മേഖല 41 ബില്ല്യൺ രൂപയില്‍ നിന്ന് 75 ബില്ല്യണിലേക്ക് വളർച്ച കൈവരിച്ചതായി പുതിയ ഫിക്കി-കെപിജിഎം ഡയറക്ട് സെല്ലിംഗ്: കേരള റിപ്പോർട്ട്.

29 ശതമാനവുമായി ഉത്തരേന്ത്യയാണ്  മുമ്പിൽ. തെക്ക്, കിഴക്ക്, വടക്ക്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംഭാവന യഥാക്രമം 25%, 18%, 16% 12% എന്നിങ്ങനെയാണ്. തെക്കൻ മേഖലയിൽ കേരളം 2013-14 കാലയളവിൽ 700-750 ദശലക്ഷം രൂപയുടെ മൂല്യവുമായി നിർണായക വിപണിയായിരിക്കുകയാണ്.

ഉയർന്ന സാക്ഷരതാ നിരക്ക്, ആളോഹരി വരുമാനം, നഗരവത്കരണം എന്നിവയാണ് ഈ വിപണിയുടെ വളർച്ചയിൽ നിർണായകമാകുന്നതെന്ന് തിരുവനന്തപുരത്ത് പുറത്തിറക്കിയ ഫിക്കി-കെപിഎംജിയുടെ പഠനം സൂചിപ്പിക്കുന്നു.

എഫ്ഐസിസിഐ (ഫിക്കി) സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ  സംസ്ഥാന സർക്കാരിന്‍റെ കേരളാ ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിഐപി) സിഇഒ  വി. രാജഗോപാലാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ കേരളം ശക്തമായ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.

എന്നാലും കഴിഞ്ഞ അഞ്ച് വർഷങ്ങളായി വളര്‍ച്ചയിൽ സ്ഥിരമായ ഇടിവ് സംഭവിക്കുന്നുണ്ട്. ഈ വ്യവസായ മേഖലയുടെ റെഗുലേറ്ററി ഫ്രെയിംവർക്ക് നിർവ്വചിക്കുന്ന നയം സംസ്ഥാനത്തിന് രൂപപ്പെടുത്താന്‍ കഴിയാഞ്ഞതാണ് ഇതിന് പ്രധാന കാരണം. നിയമപരമായ ഡയറക്ട് സെല്ലിംഗും തട്ടിപ്പ് പദ്ധതികളും തമ്മിൽ വേർതിരിക്കുന്നതിന് വ്യക്തമായ നിർവ്വചനങ്ങളില്ലാത്തത് ഈ മേഖയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇത് ആംവെ, മോഡികെയർ തുടങ്ങിയ വ്യവസായ പ്രമുഖന്മാരെ പൂർണമായോ ഭാഗികമായോ തങ്ങളുടെ പ്രവര്‍ത്തനങ്ങൾ നിർത്തി വെക്കുന്നതിന് നിർബന്ധിതരാക്കുന്നു.

2013 ൽ കൊണ്ടുവന്ന കേരളാ മൾട്ടി ലെവൽ മാർക്കറ്റിങ് (കൺട്രോൾ ആന്‍റ് റെഗുലേഷൻ) ബിൽ കേരളത്തിലെ വ്യവസായത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. പിസിഎംസിഎസ് ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കാതെ ബിസിനസ്സ് നടക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് ഡയറക്ട് സെല്ലിംഗ് മേഖലയെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വിശദമായി ഇതിൽ പറയുന്നു.

ഡയറക്ട് സെല്ലിംഗിന് വ്യക്തമായ നിർവ്വചനത്തിന്‍റെ ആവശ്യം, മൾട്ടി ലെവൽ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റിയുടെ അനിവാര്യത, ഉപഭോക്താക്കള്‍ളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥ, വിതരണക്കാർക്ക് പ്രയോജനപ്പെടുന്ന വെൽഫെയർ ഫണ്ട് രൂപീകരണം എന്നിവയാണ് കമ്മിറ്റി നടത്തിയ നിർണായകമായ നിരീക്ഷണങ്ങള്‍.

സംസ്ഥാനത്തിന്‍റെ ഗുണകരമായ പ്രമേയവും പിന്തുണയും ഈ വ്യവസായത്തെ 2025 ഓടെ 33-35 ശതമാനം സിഎജിആർ വളർച്ചാ നിരക്കില്‍ 18-20 ബില്ല്യണിലേക്ക് എത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്ക്, തിരുവനന്തപരപുരം, കൊച്ചി, കൊഴിക്കോട് തുടങ്ങിയ നഗര വിപണികളിലെ വളർന്നു വരുന്ന കൺസ്യൂമർ ഗുഡ്സ് ഡിമാന്‍ഡ് എന്നിവ ഇതിന് സഹായകമാകും.

Post your comments