Global block

bissplus@gmail.com

Global Menu

കയർ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും

ആലപ്പുഴ: കയർ കേരളയോടനുബന്ധിച്ച് കയർ  മേഖലയിലെ വ്യത്യസ്ത പ്രശ്‌നങ്ങൾ  ചർച്ച ചെയ്യുന്നതിനും പരിഹാരമാർഗങ്ങൾ കണ്ടെത്തി മേഖലയെ പുനരുജ്ജീവി -പ്പിക്കുന്നതിനുമായി വിദഗ്ധർ നേതൃത്വം നല്‍കുന്ന ദേശീയ, അന്തർ ദേശീയ സെമിനാറുകള്‍ രണ്ട്, മൂന്ന്, നാല് തിയതികളിൽ നടക്കും. 

കേന്ദ്ര ചെറുകിട, ഇടത്തരം സംരഭക വകുപ്പ് മന്ത്രി  കൽരാജ് മിശ്ര, എംഎസ്എംഇ  അഡീഷണൽ സെക്രട്ടറിയും ഡെവലപ്‌മെന്റ് കമ്മീഷണറുമായ സുരേന്ദ്രനാഥ് ത്രിപാഠി,  കയർ - റവന്യു വകുപ്പ് മന്ത്രി അടൂർ പ്രകാശ്, കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനൻ തുടങ്ങിയവർ  വിവിധ സെഷനുകളിൽ പങ്കെടുക്കും.

കയർ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കി പ്രകൃതിദത്ത നാരുകളിലൂന്നിയ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി നടക്കുന്ന രാജ്യാന്തര സെമിനാറുകളുടെ മുഖ്യപ്രമേയം. 'കേരളത്തിലെ കയർ മേഖലയുടെ സുസ്ഥിരത: വെല്ലുവിളികളും അവസരങ്ങളും' എന്നത് പ്രമേയമാക്കിയാണ്  നാലാം തീയതിയിലെ സെമിനാർ. 

'നൂതന പ്രകൃതിദത്ത നാരധിഷ്ഠിത ഉല്‍പ്പന്നങ്ങൾ: പ്രധാന വെല്ലുവിളികളും നവീന സങ്കേതങ്ങളും ഭാവി പദ്ധതികളും' എന്ന വിഷയത്തിൽ ചൊവ്വാഴ്ച നടക്കുന്ന അന്തർ ദേശീയ സെമിനാറിന് പോർച്ചുഗലിലെ സ്‌കൂൾ ഓഫ് എന്‍ജിനീയറിംഗ് ഫൈബറസ് മെറ്റീരിയല്‍സ് റിസർച്ച് ഗ്രൂപ്പ് പ്രൊഫസർ  റൗൾ ഫന്‍ഗയറോ നേതൃത്വം നല്‍കും.

കയർ  ഉല്‍പ്പന്നങ്ങൾ ഉപയോഗിച്ചുള്ള സൗണ്ട് പാനലിംഗ് സിസ്റ്റത്തിന്റെ വികസനത്തെപ്പറ്റി ആര്‍ക്കിടെക്ടുമാരായ സാജന്‍ പുളിമൂടും ബാബു ചെറിയാനും സംസാരിക്കും.

'പ്രകൃതിദത്ത നാരുകളുടേയും കയറിന്റേയും ഉല്‍പാദനത്തിലും സംസ്‌കരണത്തിലും സാങ്കേതിക ഉപയോഗങ്ങളിലുമുള്ള പുത്തന്‍ പ്രവണതകൾ' എന്ന വിഷയത്തിൽ പോളണ്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്വറൽ ഫൈബേര്‍സ് ജനറൽ ഡയറക്ടർ പ്രൊഫ.ഡോ. റിസാര്‍ഡ് മൈക്കൽ കൊസ്ലോവ്‌സ്‌കിയും 'തൊണ്ടിൽ നിന്നുള്ള ബൈന്‍ഡര്‍ലെസ് ബോര്‍ഡുകൾ, ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം' എന്ന വിഷയത്തിൽ നെതർലന്‍ഡ്‌സ് വാഗനിങ്ങന്‍ സർവ്വകലാശാലയിലെ  ഫുഡ് ആന്‍ഡ് ബയോബെയ്‌സ്ഡ് റിസർച്ച് പ്രതിനിധി എഡ്വിൻ ആർ. പി. കീസേസും, 'പ്രകൃതിദത്തനാരുകളുടേയും കയറിന്റേയും  വൈവിധ്യവല്‍ക്കരണവും വിപണനവും' എന്ന വിഷയത്തില്‍ അമേരിക്കയിലെ ഹാൻ  ഇന്റർനാഷണൽ സ്ഥാപകൻ ജോൺ നിക്കോളാസ് ഹാനും ബുധനാഴ്ച നേതൃത്വം നല്‍കും.

Post your comments